മുഖ്യമന്ത്രിയെ നീക്കണമെന്ന ഹർജിയിൽ നിലപാടറിയിക്കണമെന്ന് സർക്കാരിനോട് ഹൈക്കോടതി
കൊച്ചി : മന്ത്രിസഭയുടെ കൂട്ടുത്തരവാദിത്വം നഷ്ടപ്പെട്ട സാഹചര്യത്തിൽ പിണറായി വിജയനെ മുഖ്യമന്ത്രി സ്ഥാനത്തു തുടരാൻ അനുവദിക്കരുത് എന്നാവശ്യപ്പെട്ടുള്ള ഹർജി പരിഗണിക്കുന്നത് ഹൈക്കോടതി ഈ മാസം 30 ലേക്ക് മാറ്റി. കേസ് ഫയലിൽ സ്വീകരിക്കണോ വേണ്ടയോയെന്ന് അന്ന് കോടതി തീരുമാനിക്കും. വിഷയത്തിൽ സർക്കാരിന്‍റെ നിലപാട് അറിയിക്കാൻ എ.ജിക്ക് 30 വരെ കോടതി സമയം അനുവദിച്ചിട്ടുണ്ട്.
കേരള സർവകലാശാല മുൻ സിൻഡിക്കറ്റ് അംഗവും മുൻ ജോയിന്‍റ് രജിസ്ട്രാറുമായ തിരുവനന്തപുരം നേമം സ്വദേശി ആർ.എസ് ശശികുമാറാണു ക്വോവാറന്‍റോ ഹർജി നൽകിയത്. മന്ത്രിയായിരിക്കെ തോമസ് ചാണ്ടി സർക്കാരിനെതിരെ ഹർജി നൽകിയതും മന്ത്രിസഭാ യോഗത്തിൽനിന്നു സി.പി.ഐ മന്ത്രിമാർ വിട്ടുനിന്നതും സർക്കാരിന്‍റെ കൂട്ടുത്തരവാദിത്വം നഷ്ടപ്പെട്ടതിനുള്ള തെളിവാണെന്നു ഹർജിയിൽ പറയുന്നു. മന്ത്രിസഭാ യോഗത്തിൽ നിന്നു വിട്ടുനിന്നവരെ പുറത്താക്കാൻ ശിപാർശ ചെയ്യാത്ത മുഖ്യമന്ത്രിക്കു തൽസ്ഥാനത്തു തുടരാൻ അർഹതയില്ലെന്നു ഹർജിയിൽ പറയുന്നു.
കായൽ ഭൂമി കൈയേറ്റവുമായി ബന്ധപ്പെട്ട് ആലപ്പുഴ കളക്ടർ നൽകിയ റിപ്പോർട്ടിനെതിരെ മന്ത്രിയായിരിക്കെ തോമസ് ചാണ്ടി ഹർജി നൽകിയതു മന്ത്രിസഭയുടെ കൂട്ടുത്തരവാദിത്വത്തിന്‍റെ ലംഘനമാണെന്നു ഹൈക്കോടതിയും വ്യക്തമാക്കിയിരുന്നു. മുഖ്യമന്ത്രിക്കു പാർട്ടിയുടെ കത്ത് നൽകിയശേഷമാണു മന്ത്രിസഭാ യോഗത്തിൽനിന്നു സി.പി.ഐയുടെ നാലു മന്ത്രിമാർ വിട്ടുനിന്നത്.


