പഴശ്ശി കോവിലകം സർക്കാർ ഏറ്റെടുക്കും

മട്ടന്നൂർ : കേരള വർമ്മ പഴശ്ശി രാജയുടെ പിൻതലമുറക്കാർ താമസിച്ചിരുന്ന പഴശ്ശി പടിഞ്ഞാറെ കോവിലകവും അനുബന്ധ സ്ഥലവും പുരാവസ്തു വകുപ്പിന്റെ സംരക്ഷിത സ്മാരകമായി പ്രഖ്യാപിച്ച് ഏറ്റെടുക്കാൻ തീരുമാനിച്ചു. മുഖ്യമന്ത്രി പിണറായി വിജയന്‍റെ അദ്ധ്യക്ഷതയിൽ തിരുവനന്തപുരത്ത് ചേർന്ന യോഗത്തിലാണ് ഇത് സംബന്ധിച്ച് തീരുമാനമായത്. ഏറ്റെടുക്കൽ നടപടികളുമായി മുന്നോട്ടുപോകാൻ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് മുഖ്യമന്ത്രി നിർദ്ദേശം നൽകി. കോവിലകവും അനുബന്ധ സ്ഥലവും അന്യാധീനപ്പെട്ടുകൊണ്ടിരിക്കുകയാണെന്നും ഏറ്റെടുത്ത് സംരക്ഷിക്കണമെന്നും മട്ടന്നൂർ നഗരസഭ സർക്കാരിനോട് അഭ്യർത്ഥിച്ചിരുന്നു. ഇതേത്തുടർന്നാണ് മുഖ്യമന്ത്രി യോഗം വിളിച്ചുചേർത്തത്. കോവിലകത്തിനോടുചേർന്നുള്ള ശിവ, വിഷ്ണു ക്ഷേത്രങ്ങൾ ദേവസ്വം ബോർഡ് ഏറ്റെടുക്കണമെന്നാവശ്യപ്പെട്ട് നഗരസഭ ചെയർപേഴ്സൺ ദേവസ്വം മന്ത്രിക്ക് നിവേദനം നൽകിയിട്ടുണ്ട്.
യോഗത്തിൽ തുറമുഖപുരാവസ്തു വകുപ്പ് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി, സാംസ് കാരിക വകുപ്പ് മന്ത്രി എ.കെ ബാലൻ, മട്ടന്നൂർ നഗരസഭ ചെയർപേഴ്സൺ അനിത വേണു, സാംസ്കാരിക വകുപ്പ് സെക്രട്ടറി റാണി ജോർജ്ജ്, പഴശ്ശി രാജകുടുംബാംഗങ്ങൾ എന്നിവർ പങ്കെടുത്തു. കോവിലകത്തിന്‍റെ റിപ്പോർട്ട് തയ്യാറാക്കി റവന്യൂവകുപ്പ് മുന്പ് സർക്കാരിന് സമർപ്പിച്ചിരുന്നു.
കോവിലകം പൊളിച്ചുവിൽക്കാൻ ഉടമകൾ തീരുമാനിച്ചതോടെ മാസങ്ങൾക്ക് മുന്പേ കോവിലകം സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് മട്ടന്നൂർ നഗരസഭയും നാട്ടുകാരും രംഗത്തെത്തിയിരുന്നു. ചരിത്രസ്മാരകമാക്കണമെന്നാവശ്യപ്പെട്ട് നാട്ടുകാർ കമ്മിറ്റി രൂപീകരിക്കുകയും സർക്കാരിൽ നിവേദനം നൽകുകയും ചെയ്തിരുന്നു. ഇതേത്തുടർന്നാണ് വിശദമായ റിപ്പോർട്ട് തയ്യാറാക്കി സമർപ്പിക്കാൻ ഇരിട്ടി തഹസിൽദാരോട് സർക്കാർ നിർദ്ദേശിച്ചത്. സ്ഥലത്തിന്‍റെയും കോവിലകത്തിന്‍റെയും വില ഉൾപ്പെടെ കണക്കാക്കിയുള്ള റിപ്പോർട്ട് തയ്യാറാക്കിയാണ് ജില്ലാ കളക്ടർ മുഖേന സർക്കാരിന് റിപ്പോർട്ട് സമർപ്പിച്ചത്. കോവിലകം ഏറ്റെടുക്കാൻ നാല് കോടിയോളം രൂപ വേണ്ടിവരുമെന്നാണ് റിപ്പോർട്ടിലുള്ളതെന്നാണ് വിവരം. പഴശ്ശി രാജയുടെ പിൻതലമുറക്കാർക്ക് താമസിക്കുന്നതിനാണ് 100 വർഷം മുന്പ് പഴശ്ശിയിൽ ഇരുനില കോവിലകം പണിതത്. നാലേക്കർ സ്ഥലത്താണ് കോവിലകം സ്ഥിതിചെയ്യുന്നത്. കോവിലകവും സ്ഥലവും വിൽപ്പന നടത്തുന്നതിന്‍റെ മുന്നോടിയായി കോവിലകത്തെ വീട്ടുപകരണങ്ങളും മറ്റും നേരത്തെ വിൽപ്പന നടത്തിയിരുന്നു.
കോവിലകത്തിന്‍റെ അവകാശികളായ കേരള വർമ്മ രാജ, രവി വർമ്മ രാജ, പരേതനായ ഭീര വർമ്മ രാജയുടെ ഭാര്യ സിന്ധു വർമ്മ എന്നിവർ സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളിൽ താമസമായതിനാൽ കോവിലകം അടച്ചിട്ടിരിക്കുകയായിരുന്നു.