സംസ്ഥാനത്തെ ഗവ. കോളേജുകളുടെ മുഖച്ഛായ മാറും : വിദ്യാഭ്യാസമന്ത്രി

അഗളി : കേരളത്തിലെ എല്ലാ സർക്കാർ കോളേജുകളുടെയും മുഖച്ഛായ മാറാൻ പോവുകയാണെന്ന് വിദ്യാഭ്യാസമന്ത്രി സി രവീന്ദ്രനാഥ്. കോട്ടത്തറയിൽ ഗവൺമെന്റ് കോളേജിന്റെ പുതിയ കെട്ടിടം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. സംസ്ഥാനത്തെ എല്ലാ കോളേജുകളുടെയും നവീകരണത്തിന് എട്ടരകോടി രൂപ സർക്കാർ അനുവദിച്ചു. ഉന്നത വിദ്യാഭ്യാസ മേഖലയിൽ മറ്റൊരു മാസ്റ്റർപ്ലാൻ കൂടി തയ്യാറാക്കാൻ സർക്കാർ നിർദ്ദേശം നൽകിയിട്ടുണ്ട്.
ഭൗതിക സാഹചര്യങ്ങളിൽ മാറ്റം വരുന്നതോടൊപ്പം അക്കാദമിക് രംഗത്തും മാറ്റം അനിവാര്യമാണ്. വിദ്യാഭ്യാസരംഗത്ത് നിരവധി പ്രശ്നങ്ങളുണ്ടെന്നും അദ്ദേഹം പറഞ്ഞു. പ്ലസ്ടു മേഖലയിൽ 30,000 സീറ്റുകൾ ഒഴിഞ്ഞുകിടക്കുന്നു. എന്നാൽ പാലക്കാട്, മലപ്പുറം, ജില്ലകളിൽ സീറ്റ് കിട്ടാതെ കുട്ടികൾ വലയുന്നു. ഇവിടെ എന്ത് ആവശ്യമുണ്ടെന്ന് മനസ്സിലാക്കാതെ കോഴ്സുകൾ അനുവദിച്ചതുകൊണ്ടാണ് ഇങ്ങനെ സംഭവിച്ചത് അക്കാദമിക് ആവശ്യം മനസ്സിലാക്കി വേണം കോഴ്സുകൾ അനുവദിക്കാൻ. 14,000 സ്കൂളുകളിലും 300ഓളം കോളേജുകളിലും ഏഴു സർവ്വകലാശാലകളിലും അക്കാദമിക് മാസ്റ്റർപ്ലാൻ തയ്യാറാക്കുമെന്നും ആധുനിക വിദ്യാഭ്യാസം ഈ വർഷം ലഭ്യമാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
പാർശ്വവൽക്കരണമില്ലാത്ത ജനതയെ സൃഷ്ടിക്കലാണ് സർക്കാരിന്റെ ലക്ഷ്യമെന്നും സംസ്ഥാനത്തെ മറ്റ് എല്ലാ കോളേജുകളെപ്പോലെ അട്ടപ്പാടിയിലെ ഈ കോളേജും ഹൈടെക് ആക്കി മാറ്റുമെന്നും അട്ടപ്പാടിയിലെ പട്ടികവർഗക്കാർക്കും ഉന്നത വിദ്യാഭ്യാസം ഉറപ്പാക്കുമെന്നും മന്ത്രി പറഞ്ഞു.
ഇതോടൊപ്പം അഗളി വൊക്കേഷണൻ ഹയർ സെക്കൻഡറി സ്കൂൾ അന്താരാഷ്ട്രനിലവാരത്തിലേക്ക് ഉയർത്തുമെന്നും മന്ത്രി പറഞ്ഞു. ചടങ്ങിൽ എൻ ഷംസുദ്ദീൻ എം.എൽ.എ അദ്ധ്യക്ഷനായി. മറ്റുള്ളവർ സംസാരിച്ചു.