വ്യാജരേഖ ചമച്ച് പാസ്പോർട്ട് : ജീവകാരുണ്യപ്രവർത്തകനെ സി.ബി.ഐ അറസ്റ്റ് ചെയ്തു

പാലാ : വ്യാജരേഖകൾ ഹാജരാക്കി പാസ്‌പോർട്ട് സംഘടിപ്പിച്ചെന്ന കേസിൽ ജീവകാരുണ്യപ്രവർത്തകനെ സി.ബി.ഐ അറസ്റ്റ് ചെയ്തു. ഡോ. മാത്യു മാലയിൽ എന്ന പേരിൽ പാലായിൽ കാരുണ്യപ്രവർത്തനം നടത്തിയിരുന്ന പത്തനംതിട്ട വെണ്ണിക്കുളം ചാമക്കാലായിൽ അലക്‌സ് മാത്യു(47) വിനെയാണ് സി.ബി.ഐ ചെന്നൈ യൂണിറ്റിലെ ഉദ്യോഗസ്ഥർ കഴിഞ്ഞദിവസം അറസ്റ്റ് ചെയ്തത്. സി.ബി.ഐ കേസിന്റെ അടിസ്ഥാനത്തിൽ ചെന്നൈ എഗ്മോർ അഡീഷണൽ ചീഫ് മെട്രോപൊളിറ്റൻ മജിസ്‌ട്രേറ്റ് കോടതിയാണ് അറസ്റ്റ് ചെയ്യാൻ ഉത്തരവിട്ടത്.
പാലായിൽ നിരവധി ജീവകാരുണ്യ പ്രവർത്തനവും സാന്പത്തിക സഹായവിതരണവും നടത്തിയ ഇയാൾ വൻ ബിസിനസുകളുടെ മറവിൽ വിവിധ സംസ്ഥാനങ്ങളിൽ തട്ടിപ്പ് നടത്തിയതായി കണ്ടെത്തി. വ്യാജ പാസ്പോർട്ടിൽ യാത്രചെയ്തെന്ന് തമിഴ്നാട്ടിൽ രജിസ്റ്റർ ചെയ്ത കേസിലാണ് അറസ്റ്റ്. തമിഴ്നാട്ടിൽ നിന്ന് സി.ബി.ഐ ഉദ്യോഗസ്ഥർ ഇയാളെ പിടികൂടാൻ രണ്ടു ദിവസം മുന്പ് കേരളത്തിൽ എത്തിയിരുന്നു. പാലായിൽ സ്വകാര്യ വ്യക്തിയുടെ ഒന്നര ഏക്കർ ഭൂമി വില കൂട്ടി വിറ്റുതരാമെന്ന് പറഞ്ഞ് രണ്ടു ലക്ഷത്തോളം രൂപ വാങ്ങി തട്ടിച്ചതിനും ഇയാൾക്കെതിരെ കേസുണ്ട്. പാലാ ഡിവൈ.എസ്.പി വി ജി വിനോദ്കുമാറിന്റെ നേതൃത്വത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. വാറന്റുമായെത്തിയ സി.ബി.ഐ ഉദ്യോഗസ്ഥർ പാലാ പോലീസിന്റെ സഹായത്തോടെ പാലായിലെ വീട്ടിൽനിന്നാണ് അറസ്റ്റ് ചെയ്തത്.
പ്രതിയെ സംബന്ധിച്ച രേഖകൾ പരിശോധിച്ചപ്പോൾ ഡോ. സ്മിത്ത് മാത്യു എന്ന പേരും കാണാനായെന്ന് പാലാ പോലീസ് പറഞ്ഞു. മഹാരാഷ്ട്രയിൽ വൈൻ, ഇരുന്പയിർ തുടങ്ങിയവയുടെ ബിസിനസ് നടത്തുകയാണെന്ന് നാട്ടുകാരോട് പറഞ്ഞിരുന്നു. ഇയാളുടെ സാന്പത്തികസ്രോതസ്, പ്രവർത്തനരീതി എന്നിവയിൽ സംംശയമുണ്ടെന്ന് പോലീസ് ഇന്റലിജന്‍സ് വിഭാഗം പലതവണ റിപ്പോർട്ട് നൽകിയിരുന്നെന്ന് പോലീസ് പറഞ്ഞു. പ്രതിയെ സി.ബി.ഐ. സംഘം ചെന്നൈയ്ക്ക് കൊണ്ടുപോയി.
ഇയാളുടെ പേരിൽ കോയന്പത്തൂർ, മുംബൈ എന്നിവിടങ്ങളിലും കേസുകളുണ്ടെന്ന് പോലീസ് പറയുന്നു. തമിഴ്നാട്ടിൽ വ്യാജ പാസ്പോർട്ട് കേസ് രജിസ്റ്റർ ചെയ്തത് 2009−ലാണ്. കേസിൽ ഇയാളെ എഗ്മൂർ ചീഫ് മെട്രോപൊളിറ്റൻ മജിസ്ട്രേറ്റ് കോടതി പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചിരുന്നു.