സർക്കാർ ദേശീയപാതയ്ക്ക് നൽകുന്ന മുൻഗണ ബാറുകൾക്ക് വേണ്ടിയെന്ന് ഉമ്മൻ ചാണ്ടി

തൃപ്രയാർ : ബാറുൾ തുറക്കാൻ തരംതാഴ്ത്തുന്നതിന് മാത്രമാണ് ദേശീയപാതയോട് സംസ്ഥാന സർക്കാർ മുൻഗണന കാണിക്കുന്നതെന്ന് മുൻമുഖ്യമന്ത്രി ഉമ്മൻ ചാണ്ടി പറഞ്ഞു. ദേശീയപാതയോരത്ത് ബാർ തുറക്കാനാവില്ലെന്നതിനാൽ അവയൊക്കെ തരംതാഴ്ത്താനാണ് സർക്കാർ ശ്രമിക്കുന്നതെന്നും ഉമ്മൻചാണ്ടി വ്യക്തമാക്കി.
ദേശീയപാതയുടെ തകർച്ചയിൽ പ്രതിഷേധിച്ചും പാത ഗതാഗതയോഗ്യമാക്കണമെന്നുമാവശ്യപ്പെട്ട് കോൺഗ്രസ് നാട്ടിക ബ്ലോക്ക് കമ്മിറ്റി തൃപ്രയാറിലാരംഭിച്ച രാപകൽ സമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി. ദേശീയപാതയുടെ അറ്റകുറ്റപ്പണി കേന്ദ്ര സർക്കാരിന്റെ ഉത്തരവാദിത്വമാണ്. എന്നാൽ, കൃത്യസമയത്ത് അത് ചെയ്യിക്കാൻ സംസ്ഥാന സർക്കാരാണ് മുൻകൈ എടുക്കേണ്ടതെന്നും ഉമ്മൻചാണ്ടി പറഞ്ഞു.
കോൺഗ്രസ് നാട്ടിക ബ്ലോക്ക് പ്രസിഡണ്ട് കെ. ദിലീപ്കുമാർ അദ്ധ്യക്ഷനായി. ഡി.സി.സി ജനറൽ സെക്രട്ടറി അനിൽ പുളിക്കൽ, ഡി.സി.സി പ്രസിഡണ്ട് ടി.എൻ. പ്രതാപൻ, മുൻ എം.എൽ.എ പി.എമാധവൻ, കെ.പി.സി.സി സെക്രട്ടറി എൻ.കെ.സുധീർ, തുടങ്ങിയവർ സംസാരിച്ചു.