ദിലീപിന് ജാമ്യമില്ല : നടനെതിരെ കൃത്യമായ തെളിവുകളുണ്ടെന്നും ഹൈക്കോടതി


കൊച്ചി : നടിയെ തട്ടിക്കൊണ്ടുപോയി അപകീർത്തികരമായ ദൃശ്യങ്ങൾ പകർത്തിയ കേസിൽ നടൻ ദിലീപിന് ഹൈക്കോടതി ജാമ്യം അനുവദിച്ചില്ല. ദിലീപിന്റെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. ദിലീപിനെതിരെ കൃത്യമായ തെളിവുകളുണ്ടെന്നും പ്രതി പ്രമുഖ നടനായതിനാൽ ജാമ്യം നൽകിയാൽ സാക്ഷികളെ സ്വാധീനിച്ചേക്കാം. അപൂർവമായ കേസ്, അന്വേഷണത്തിന്റെ നിർണായക ഘട്ടത്തിലാണ്. കേസ് ഡയറി വിശദമായി പരിശോധിച്ചതിന് ശേഷമായിരുന്നു കോടതിയുടെ നിരീക്ഷണങ്ങൾ.

സംഭവത്തിന്റെ സൂത്രധാരൻ ദിലീപ് ആണെന്നായിരുന്നു പ്രോസിക്യൂഷൻറെ വാദം. ഇന്ത്യൻ ക്രിമിനൽ നിയമചരിത്രത്തിലെ ആദ്യ ലൈംഗികാതിക്രമ ക്വട്ടേഷനാണ്. കേസിൽ പ്രധാന തെളിവായ ദൃശ്യം പകർത്തിയ മൊബൈൽ ഫോണും മെമ്മറി കാർഡും കണ്ടെടുത്തിട്ടില്ലെന്നും കേസിൽ ഇനിയും പ്രതികളുണ്ടാകാൻ സാധ്യതയുണ്ടെന്നും പ്രോസിക്യൂഷൻ വാദിച്ചു. അന്വേഷണം തീർന്നിട്ടില്ലെന്നും ഈ ഘട്ടത്തിൽ ജാമ്യം നൽകരുതെന്നും പ്രോസിക്യൂഷൻസ് ഡയറക്ടർ ജനറൽ ബോധിപ്പിച്ചതു കോടതി പരിഗണിച്ചു. ദിലീപിന്റെ പങ്ക് വ്യക്തമാക്കുന്ന തെളിവുകൾ പ്രത്യേകാന്വേഷണ സംഘത്തിനു ലഭിച്ചിട്ടുണ്ടെന്നും പ്രോസിക്യൂഷൻ പറഞ്ഞു.

എന്നാൽ, ഗൂഢാലോചനയ്ക്കു തെളിവില്ലെന്നും രണ്ടുപേർ തമ്മിൽ കണ്ടാൽ ഗൂഢാലോചനയാവില്ലെന്നും ദിലീപിന്റെ അഭിഭാഷകൻ വാദിച്ചു. ഒട്ടേറെ കേസുകളിൽ പ്രതിയും ക്രിമിനലുമായ സുനിൽകുമാറിന്റെ (പൾസർ സുനി) മൊഴിയുടെ അടിസ്ഥാനത്തിൽ ദിലീപിനെ പ്രതിചേർത്ത് അറസ്റ്റ് ചെയ്തതിൽ ന്യായീകരിക്കാൻ കഴിയില്ല. ഉന്നതതലത്തിൽ ഗൂഢാലോചന നടത്തിയാണു ദിലീപിനെ കേസിലുൾപ്പെടുത്തിയത്. സിനിമാ ജീവിതം തകർക്കാനും സമൂഹമധ്യേ അപഹാസ്യനാക്കാനും ലക്ഷ്യമിട്ടാണു കേസ്. അന്തിമ കുറ്റപത്രം നൽകി ഏറെക്കാലം കഴിഞ്ഞാണു ദിലീപിനെ കേസിലുൾപ്പെടുത്തിയതെന്നും ദിലീപിന്റെ അഭിഭാഷകൻ വാദിച്ചു.

കഴിഞ്ഞ 10ന് അറസ്റ്റിലായ ദിലീപിന്റെ ജാമ്യാപേക്ഷ നേരത്തെ അങ്കമാലി മജിസ്ട്രേട്ട് കോടതിയും തള്ളിയിരുന്നു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed