72-ാം വയസ്സിൽ അമ്മയായ ദൽജീന്ദർ അവശ

ഡൽഹി: ദൽജീന്ദർ കൗർ വാർത്തകളിൽ ഇടം നേടിയത് 72-ാം വയസ്സിൽ ആദ്യത്തെ കുട്ടിയെ പ്രസവിച്ചപ്പോഴാണ്. എന്നാൽ, ഇന്ന് ദൽജീന്ദറിന് ജീവിതം മടുത്ത അവസ്ഥയിലാണ്. പ്രസവത്തോടെ അവരുടെ ആരോഗ്യം ക്ഷയിക്കാൻ തുടങ്ങിയിരിക്കുന്നു. മാത്രമല്ല, കുഞ്ഞിനെ നോക്കാനുള്ള ആരോഗ്യം കൂടിയില്ലാതായതോടെ അവർക്ക് പ്രതീക്ഷ നഷ്ടപെട്ട അവസ്ഥയിലാണ്.കഴിഞ്ഞവർഷം ഏപ്രിൽ 19-നാണ് ദൽജീന്ദർ പ്രസവിച്ചത്. അർമാൻ എന്ന് പേരിട്ട ആൺകുട്ടി ഇപ്പോൾ മുട്ടിലിഴഞ്ഞുനടക്കുകയാണ്.,
ഉയർന്ന രക്തസമ്മർദവും സന്ധിവേദനയുമായി തീർത്തും അനാരോഗ്യവതിയാണ് ദൽജീന്ദർ. മൂന്നാം മാസത്തിൽ മുലയൂട്ടൽ നിർത്തേണ്ടിവന്നത് കുഞ്ഞിന്റെ ആരോഗ്യത്തെയും ബാധിച്ചു. രക്തസമ്മർദം ഉയർന്നതോടെ പെട്ടെന്ന് ക്ഷീണിതയാവുന്നു എന്നതാണ് ദൽജീന്ദറിന്റെ ഇപ്പോഴത്തെ പ്രശ്‌നം. ഇതുമൂലം കുഞ്ഞിനെ നന്നായി നോക്കാൻകൂടി സാധിക്കുന്നില്ല. പല ഡോക്ടർമാരെയും കണ്ടെങ്കിലും അവർ മരുന്നും ഭക്ഷണക്രമീകരണവും നിർദ്ദേശിക്കുന്നതല്ലാതെ അതിനപ്പുറമൊന്നും ചെയ്യാനാനില്ല. അമ്മയാവുക എന്ന ആഗ്രഹവുമായി ദൽജീന്ദർ നടത്തിയ ത്യാഗങ്ങൾക്ക് ഇത്ര വലിയ വില കൊടുക്കേണ്ടിവരുമെന്ന് വിചാരിച്ചില്ലെന്ന് അവർ പറയുന്നു.
വിവാഹം കഴിഞ്ഞ് 45 വർമായിട്ടും കുട്ടികളുണ്ടാകാത്ത ദൽജീന്ദറിന് ജീവിതം കടുത്ത നിരാശ നിറഞ്ഞതായി മാറിയിരുന്നു. കൃത്രിമ ഗർഭധാരണ രീതികൾ പരീക്ഷിക്കാമെന്ന് ഭർത്താവ് മൊഹീന്ദർ സിങ് ഗിൽ സമ്മതിച്ചതോടെ ഐ.വി.എഫ് ശ്രമങ്ങൾ തുടങ്ങി.. അത് ഫലിച്ചു. ദൽജീന്ദറിന്റെ 72-ാം വയസ്സിൽ, മൊഹീന്ദറിന്റെ 80-ാം വയസ്സിൽ അവർ അമ്മയും അച്ഛനുമായി.
ഹിസാറിലെ നാഷണൽ ഫെർട്ടിലിറ്റി സെന്ററിലെ ഡോ. അനുരാഗ് ബിഷണോയിയാണ് ദൽജീന്ദറിന്റെ ചികിത്സ ഏറ്റെടുത്തത്. വാർധക്യത്തിലെ ഗർഭധാരണം എങ്ങനെ ബാധിക്കുമെന്ന ആശങ്ക ഡോക്ടർമാർക്കുണ്ടായിരുന്നു. എന്നാൽ, അമ്മയാവുക എന്ന ദൽജീന്ദറിന്റെ ആഗ്രഹത്തിനൊപ്പം നിൽക്കുകയായിരുന്നു അവരും.