വാളയാർ പീഡനം: അന്വേഷണ ഉദ്യോഗസ്ഥനെ മാറ്റി

പാലക്കാട്: വാളയാര്‍ അട്ടപ്പള്ളത്ത് വ്യത്യസ്ത ദിവസങ്ങളില്‍ പ്രായപൂര്‍ത്തിയാകാത്ത സഹോദരിമാര്‍ തൂങ്ങിമരിച്ച സംഭവം അന്വേഷിക്കുന്ന ഉദ്യോഗസ്ഥനെ മാറ്റി. വാളയാര്‍ എസ്‌ഐയെയാണ് അന്വേഷണ ചുമതലയില്‍ നിന്ന് മാറ്റിയത്. നാര്‍ക്കോട്ടിക് ഡിവൈഎസ്പി സോജനാണ് പകരം ചുമതല.
ജനുവരി 13നാണ് പതിനൊന്നുകാരിയായ മൂത്തകുട്ടിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. പെണ്‍കുട്ടിക പീഡനത്തിന് ഇരയായിട്ടുണ്ടെന്ന് കണ്ടെത്തിയിട്ടും പോലീസിന്റെ ഭാഗത്തുനിന്ന് കാര്യമായ അന്വേഷണമുണ്ടായില്ല. തുടര്‍ന്നാണ് 52 ദിവസത്തിനുശേഷം ഇളയ കുട്ടിയെയും തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.
മൂത്തപെണ്‍കുട്ടിയുടെ മൃതദേഹപരിശോധന നടത്തിയ ഡോ. ടി. പ്രിയദ ഫെബ്രുവരി മൂന്നിന് പോലീസിന് റിപ്പോര്‍ട്ട് നല്‍കിയിരുന്നു.
കുട്ടി ലൈംഗികപീഡനത്തിന് ഇരയായിട്ടുണ്ടെന്ന് ഡോക്ടര്‍ മൊഴിയും നല്‍കി. ഇതനുസരിച്ച് വാളയാര്‍ പോലീസ് കുട്ടിയുടെ ബന്ധുവായ ഒരു യുവാവിനെ ചോദ്യംചെയ്ത് വിട്ടയച്ചു. എന്നാല്‍, തുടര്‍നടപടിയുണ്ടായില്ല.
രണ്ടാമത്തെ കുട്ടിയും നിരന്തരമായ ലൈംഗിക പീഡനത്തിന് ഇരയായിരുന്നതായി മൃതദേഹപരിശോധനാറിപ്പോര്‍ട്ടില്‍ പോലീസ് സര്‍ജന്‍ ഡോ. പി.ബി. ഗുജ്റാള്‍ വ്യക്തമാക്കിയിട്ടുണ്ട്. ചൊവ്വാഴ്ചയാണ് റിപ്പോര്‍ട്ട് കൈമാറിയത്.
തൂങ്ങിമരണമാണ് രണ്ടുകുട്ടികളുടേതും. എന്നാല്‍, കുട്ടികള്‍ക്ക് സ്വയം തൂങ്ങുന്നതിനുള്ള സാഹചര്യമല്ല വീട്ടിനുള്ളിലെന്നത് പോലീസിനെ കുഴക്കുന്നു. തൂക്കിയതാണോ തൂങ്ങിയതാണോയെന്ന് അന്വേഷണത്തിലൂടെയേ വ്യക്തമാകൂ.
സംഭവത്തില്‍ പ്രതിയെന്ന് സംശയിക്കുന്ന യുവാവ് മകളെ പീഡിപ്പിക്കുന്നത് കാണാനിടയായിട്ടുണ്ടെന്ന് കുട്ടിയുടെ അമ്മ പോലീസിന് മൊഴിനല്‍കിയതായി റിപ്പോര്‍ട്ടുകളുണ്ട്. ഇക്കാര്യം പോലീസ് സ്ഥിരീകരിച്ചിട്ടില്ല.