നിയമനങ്ങള്‍ നിയമവും ചട്ടങ്ങളും പാലിച്ചുള്ളത്: ഇ പി ജയരാജന്‍
തിരുവനന്തപുരം: നിയമസഭയിൽ പ്രതിപക്ഷത്തെയും മാധ്യമങ്ങളെയും വിമർശിച്ച് മുൻ വ്യവസായ മന്ത്രി ഇ.പി ജയരാജൻ. പ്രതിപക്ഷം മാധ്യമങ്ങളെ ഉപയോഗിച്ച് തന്നെ വേട്ടയാടിയെന്ന് ജയരാജൻ ആരോപിച്ചു. വേണമെങ്കിൽ രക്തം തരാമെന്നും രാജ്യത്തിനുവേണ്ടിയാണ് താൻ പ്രവർത്തിച്ചതെന്നും പ്രത്യേക പ്രസ്താവനയിൽ അദ്ദേഹം വ്യക്തമാക്കി.
വ്യവസായ വകുപ്പിൽ അഴിമതി ശക്തമായിരുന്നു. മന്ത്രിയായശേഷം ഇതേക്കുറിച്ചു പഠിച്ചു നടപടിയെടുത്തു. വ്യവസായ മേഖല തകർച്ച നേരിട്ടപ്പോഴാണ് ചുമതല ഏറ്റെടുത്തത്. മേഖലയെ പുനരുജ്ജീവിപ്പിക്കാൻ നടപടികൾ സ്വീകരിച്ചതായും ജയരാജൻ കൂട്ടിച്ചേർത്തു.
തന്നെ സ്വാധീനിക്കാൻ ആർക്കുമായില്ല. കെടുകാര്യസ്ഥതക്കെതിരെ ശക്തമായ നടപടികൾ എടുത്തത് ശത്രുക്കളെ ഉണ്ടാക്കി. പൊതുമേഖല സ്ഥാപനങ്ങളിലെ നിയമനങ്ങളിൽ ചട്ടവും നിയമവും പാലിച്ചിരുന്നു. എന്നാൽ അഴിമതിക്കെതിരായ നടപടികൾ ചിലരെ അലോസരപ്പെടുത്തി. 12 ദിവസങ്ങൾ മാധ്യമങ്ങൾ തന്നെ വേട്ടയാടിയെന്നും അദ്ദേഹം പറഞ്ഞു.

