നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ പിഡിപി പ്രതിഷേധം

കൊച്ചി : പിഡിപി ചെയർമാൻ അബ്ദുൾനാസർ മഅദനിയുടെ കേരളത്തിലേയ്ക്കുള്ള യാത്രയ്ക്ക് അനുമതി നിഷേധിച്ച വിമാനാധികൃതരുടെ നടപടിയിൽ പ്രതിഷേധിച്ച് നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ പിഡിപി പ്രവർത്തകർ മാർച്ച് നടത്തി. യാത്ര ചെയ്യണമെങ്കിൽ വ്യോമയാന മന്ത്രാലയത്തിന്റെ പ്രത്യേക അനുമതി വേണമെന്ന ഇൻഡിഗോ അധികൃതരുടെ നടപടിയിൽ പ്രതിഷേധിച്ചാണ് മാർച്ച്.
വിമാനത്താവളത്തിനുള്ളിലെ ഇൻഡിഗോ വിമാനക്കമ്പനിയുടെ ഓഫീസ് പ്രവർത്തകർ ഉപരോധിച്ചു. വിമാനക്കമ്പനിയുടേത് ധിക്കാരപരമായ നടപടിയാണെന്നു പിഡിപി നേതാക്കൾ പറഞ്ഞു. ഇതു സംബന്ധിച്ച് പ്രതിഷേധം ശക്‌തമാക്കുമെന്നും അവർ പറഞ്ഞു.
വിമാനത്താവളത്തിലെത്തിയ മഅദനിയ്ക്ക് ഇൻഡിഗോ വിമാന അധികൃതർ യാത്രാനുമതി നിഷേധിക്കുകയായിരുന്നു. തുടർന്ന് മദനിയെ കയറ്റാതെ 12.45നുള്ള ഇൻഡിഗോ വിമാനം പുറപ്പെടുകയും ചെയ്തു. കർണാടക പോലീസ് ഉദ്യോഗസ്‌ഥരും മഅദനിയെ അനുഗമിച്ചിരുന്നു.