എല്‍.ഡി.എഫിനെതിരെ പ്രതിഷേധം നടത്തിയ വീട്ടമ്മയ്ക്ക് സര്‍ക്കാര്‍ ജോലി

തിരുവനന്തപുരം: സോളാര്‍ തട്ടിപ്പ് കേസില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് എല്‍.ഡി.എഫ് നടത്തിയ ക്ലിഫ് ഹൗസ് ഉപരോധത്തിനിടെ പ്രതിഷേധവുമായി രംഗത്ത് വന്ന സന്ധ്യ എന്ന വീട്ടമ്മയ്ക്ക് സ്പോര്‍ട്സ് കൗണ്‍സിലില്‍ രഹസ്യനിയമനം. സ്ഥിരപ്പെടുത്താമെന്ന ഉറപ്പോടെ ശംഖുമുഖം ഇന്‍ഡോര്‍ സ്റ്റേഡിയത്തിന്റെ ‘അഡ്മിനിസ്ട്രേറ്റര്‍’ തസ്തികയിലാണ് നിയമനം നല്‍കിയിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. മുഖ്യമന്ത്രിയുടെ ഔദ്യോഗികവസതിക്കു സമീപത്തെ താമസക്കാരിയായ സന്ധ്യക്ക് ‘ഉപകാരസ്മരണ’യാണ് വഴിവിട്ട നിയമനമെന്നും കായികരംഗവുമായി ഒരു ബന്ധവും ഇല്ലാതിരുന്നിട്ടും സന്ധ്യയെ സ്പോര്‍ട്സ് കൗണ്‍സിലില്‍ നിയമിച്ചത് മുഖ്യമന്ത്രിയുടെയും കായികമന്ത്രിയുടെയും പ്രത്യേക നിര്‍ദേശ പ്രകാരമാണെന്നും ഇടതുപക്ഷം ആരോപിക്കുന്നു.ദിവസവേതനാടിസ്ഥാനത്തില്‍ 15,000 രൂപയോളമാണ് ഇവര്‍ക്ക് ശമ്പളം. ഇന്റര്‍വ്യൂ നടത്തിയാണ് നിയമനം നടത്തിയതെന്നാണ് അധികൃതരുടെ വിശദീകരണം. എന്നാല്‍ ഈ നടപടികള്‍ ആരും അറിഞ്ഞിട്ടില്ലെന്നും അഭിമുഖത്തില്‍ ഒരാള്‍മാത്രമേ പങ്കെടുത്തുള്ളൂവെന്നും എല്ലാ യോഗ്യതയുമുള്ളതിനാല്‍ ആ ആളിനെ നിയമിക്കാം എന്നും സ്പോര്‍ട്സ് കൗണ്‍സില്‍ സെക്രട്ടറി ഏകപക്ഷീയമായി തീരുമാനിക്കുകയായിരുന്നുവെന്നും വിമര്‍ശനമുയരുന്നുണ്ട്. ക്ലിഫ് ഹൗസ് ഉപരോധത്തിനിടെ സമരക്കാര്‍ക്കിടയിലേക്ക് വാഹനവുമായി കടന്നുവന്ന സന്ധ്യ സമരക്കാര്‍ക്കെതിരെ നടത്തിയ പ്രതിഷേധപ്രകടനം വലിയ വാര്‍ത്തയായിരുന്നു. ഇതിനുപിന്നാലെ സന്ധ്യ ചില കോണ്‍ഗ്രസ് അനുകൂല പരിപാടിയിലും പ്രത്യക്ഷപ്പെട്ടിരുന്നു