ആഭ്യന്തരമന്ത്രി ഇടപെട്ടു: ജയരാജൻ പരിയാരത്ത് തുടരും

കതിരൂര്‍ മനോജ് വധക്കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി.ജയരാജനെ കോഴിക്കോട് മെഡിക്കല്‍ കോളജിലേക്കു മാറ്റാനുള്ള നീക്കം തല്‍ക്കാലത്തേക്കു മരവിപ്പിച്ചു. ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല ഇടപെട്ടതിനെ തുടര്‍ന്നാണ് പി.ജയരാജനെ കോഴിക്കോട് മെഡിക്കല്‍ കോളജിലേക്കു മാറ്റാനുള്ള നീക്കം തല്‍ക്കാലത്തേക്കു മരവിപ്പിച്ചത്. ജയരാജനെ ചോദ്യം ചെയ്യുന്നതിന് കസ്റ്റഡിയില്‍ കിട്ടാനായി സിബിഐ തലശേരി സെഷന്‍സ് കോടതിയില്‍ സമര്‍പ്പിച്ച അപേക്ഷ ഇന്നു പരിഗണിക്കുന്നുണ്ട്. ഇതിന്റെ വിധികൂടി അറിഞ്ഞശേഷമേ ജയരാജനെ കോഴിക്കോട്ടേക്ക് മാറ്റുന്ന കാര്യത്തില്‍ തീരുമാനമുണ്ടാകൂ എന്നാണ് സൂചന. പരിയാരം സഹകരണ ഹൃദയാലയയില്‍ ചികിത്സയില്‍ കഴിയുന്ന ജയരാജനെ മാറ്റേണ്ടെന്നു കണ്ണൂര്‍ സെന്‍ട്രല്‍ ജയില്‍ അധികൃതരോടു ആഭ്യന്തരവകുപ്പ് നിര്‍ദേശിച്ചു. സിബിഐയുടെയും കോടതിയുടെയും നിലപാടറിഞ്ഞശേഷം മാത്രം ആശുപത്രി മാറ്റം മതിയെന്നാണ് ആഭ്യന്തരവകുപ്പിന്റെ തീരുമാനം. അതിനിടെ, ജയരാജന്റെ ആരോഗ്യസ്ഥിതിയെകുറിച്ചുള്ള വ്യക്തമായ വിവരം ലഭിക്കുന്നതിന് പരിയാരം സഹകരണ ഹൃദയാലയയില്‍ അദ്ദേഹത്തെ ചികിത്സിക്കുന്ന ഹൃദ്രോഗ വിദഗ്ധന്‍ ഡോ. അഷറഫില്‍ നിന്നു സിബിഐ സംഘം ഇന്നു രാവിലെ മൊഴിയെടുത്തു. സിബിഐ ക്യാമ്പ് ഓഫീസ് പ്രവര്‍ത്തിക്കുന്ന തലശേരി ഗവ. റസ്റ് ഹൌസിലേക്ക് വിളിപ്പിച്ചാണ് ഡോക്ടറുടെ മൊഴിശേഖരിച്ചത്.