തോട്ടം മേഖലയില്‍ കാന്‍സര്‍ രോഗികളുടെ എണ്ണത്തില്‍ 36 ശതമാനത്തിന്റെ വര്‍ധനവെന്ന് പഠന റിപ്പോര്‍ട്ട്

തൊടുപുഴ: തോട്ടം മേഖലയില്‍ കാന്‍സര്‍ രോഗികളുടെ എണ്ണത്തില്‍ 36 ശതമാനത്തിന്റെ വര്‍ധനവെന്ന് പഠന റിപ്പോര്‍ട്ട്. ആരോഗ്യ വകുപ്പ് പഞ്ചായത്തുതലത്തില്‍ പാലിയേറ്റിവ് അധികൃതരുമായി ബന്ധപ്പെട്ടു നടത്തിയ കണക്കെടുപ്പിലാണ് കാന്‍സര്‍ രോഗികളുടെ എണ്ണത്തില്‍ വന്‍ വര്‍ധനയുണ്ടായതായി കണ്ടെത്തിയത്. തേയില -ഏലം തോട്ടങ്ങളിലെ തൊഴിലാളികളില്‍ വര്‍ധിച്ചുവരുന്ന കാന്‍സര്‍, ത്വക്ക്‌രോഗം എന്നിവയുടെ കാരണം സുരക്ഷാ ഉപകരണങ്ങള്‍ ധരിക്കാതെയുള്ള കീടനാശിനികളുടെ അനിയന്ത്രിതമായ ഉപയോഗം മൂലമാണെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.
കഴിഞ്ഞ അഞ്ചുവര്‍ഷത്തിനിടെ കോട്ടയം മെഡിക്കല്‍ കോളജിലും, ഇടുക്കി, കോട്ടയം ജില്ലകളിലെ ചെറുതും വലുതുമായ ആശുപത്രികളിലും ചികിത്സതേടിയെത്തിയ കാന്‍സര്‍ രോഗികളില്‍ ഭൂരിപക്ഷവും തോട്ടം തൊഴിലാളികളാണെന്നാണ് കണക്കുകള്‍. എന്‍ഡോസല്‍ഫാന്‍ പോലുള്ള മാരകവിഷം തളിക്കാന്‍ കേരളത്തിലെ തൊഴിലാളികള്‍ വിസമ്മതിച്ചതോടെ ദിവസക്കൂലിക്കാരായി തമിഴ്‌നാട്ടുകാരായ തൊഴിലാളികളെയാണ് ഈ ജോലി ഏല്‍പ്പിച്ചിട്ടുള്ളത്. കീടനാശിനികളുടെ അംശം ശരീരത്തിനുള്ളിലെത്തി ശ്വാസകോശത്തിലും അന്നനാളത്തിലും ആമാശയഭിത്തിയിലും പറ്റിപ്പിടിക്കുന്നു. കാലാന്തരത്തില്‍ കാന്‍സറായി രൂപപ്പെടുകയും ചെയ്യുന്നു.
രോഗബാധിതരായ തൊഴിലാളികള്‍ പ്രത്യേകിച്ച് സ്ത്രീകള്‍ വലിയ മാനസിക പിരിമുറുക്കത്തിന് ഉടമകളാണെന്നും ഇത് കുടുംബജീവിതത്തില്‍ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നുവെന്നും ഡോ. സീന ഫൗണ്ടേഷന്‍ ആന്‍ഡ് സോഷ്യല്‍ സര്‍വിസ് കള്‍ച്ചറല്‍ സെന്റര്‍ നടത്തിയ പഠനത്തില്‍ പറയുന്നു. തോട്ടം മേഖലയില്‍ വര്‍ധിച്ചുവരുന്ന ആത്മഹത്യകളുടെ പ്രധാന കാരണവും ഇതാണെന്നും ഈ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു