മാറാട് കൂട്ടക്കൊല: ഗൂഢാലോചനയുണ്ടായതായി തെളിവു ലഭിച്ചിട്ടില്ലെന്ന് റിപ്പോർട്ട്


മാറാട് കൂട്ടക്കൊല ആസുത്രണം ചെയ്തതില്‍ ഗൂഢാലോചനയുണ്ടായതായി തെളിവു ലഭിച്ചിട്ടില്ലെന്ന് ക്രൈം ബ്രാഞ്ചിന്റെ പ്രത്യേകസംഘം ഹൈക്കോടതിയെ അറിയിച്ചു. കൂട്ടക്കൊലയ്ക്ക് പ്രതികള്‍ക്ക് സാമ്പത്തിക സഹായം ലഭിച്ചതായി കണ്ടെത്താനായിട്ടില്ലെന്നും ക്രൈം ബ്രാഞ്ച് സമര്‍പ്പിച്ച റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.സംഭവത്തിന് പിന്നിലെ ഗൂഢാലോചന സംബന്ധിച്ച് വിശദമായി അന്വേഷണം നടത്തിയെങ്കിലും തെളിവുകള്‍ കണ്ടെത്താനായിട്ടില്ല. മാറാട് കലാപത്തിന് പിന്നിലെ ഗൂഢാലോചന സിബിഐ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് സമര്‍പ്പിക്കപ്പെട്ട പൊതുതാല്‍പര്യഹര്‍ജിയിലാണ് ക്രൈം ബ്രാഞ്ചിന്റെ വിശദീകരണം. കേസില്‍ ഗൂഢാലോചനയുമായി ബന്ധപ്പെട്ട് ഇതുവരെ ആരേയും അറസ്റ്റ് ചെയ്തിട്ടില്ലെന്നും ക്രൈം ബ്രാഞ്ച് എസ്.പി കെ.ബി വേണുഗോപാല്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. കേസില്‍ 218 സാക്ഷികളില്‍ നിന്ന് മൊഴി രേഖപ്പെടുത്തി. ഇതിനു പുറമെ സംസ്ഥാനത്തെ തീവ്രവാദ സ്വഭാവമുള്ള കേസുകള്‍ക്കും ബന്ധപ്പെട്ട വ്യക്തികള്‍ക്കും സംഭവത്തില്‍ ബന്ധമുണ്ടോയെന്നതും അന്വേഷണ വിധേയമാക്കി. ഒപ്പം സമീപത്തെ പൊലീസ് സ്റ്റേഷനുകളില്‍ രജിസ്റ്റര്‍ ചെയ്ത മറ്റ് കേസുകളുടെ വിശദാംശങ്ങളും പരിശോധിച്ചു. പ്രദേശവാസികളുടെ സാമ്പത്തിക ഇടപാടുകള്‍ ആദായനികുതി വകുപ്പിന്റെയും എന്‍ഫോഴ്സ്മെന്റിന്റെയും സഹായത്തോടെ അന്വേഷിച്ചുവെങ്കിലും സംശയാസ്പദമായി ഒന്നും കണ്ടെത്താനായില്ലെന്നും ക്രൈം ബ്രാഞ്ച് കോടതിയെ ബോധിപ്പിച്ചു. ബേപ്പൂര്‍ തുറമുഖ വികസനത്തിനായി തല്‍പരകക്ഷികളായ വ്യവസായഗ്രൂപ്പുകള്‍ കലാപം ഉണ്ടാക്കുകയായിരുന്നുവെന്ന ആരോപണങ്ങളും ക്രൈംബ്രാഞ്ച് തള്ളി. അന്വേഷണം ശരിയായ ദിശയിലാണ് നീങ്ങുന്നതെന്നും പൂര്‍ത്തിയാക്കാന്‍ സാവകാശം വേണമെന്നും റിപ്പോര്‍ട്ടിലുണ്ട്.

You might also like

  • Straight Forward

Most Viewed