കെജ്രിവാളിന്‍റെ വസതിക്ക് മുന്നിൽ ആത്മഹത്യാശ്രമം

ന്യൂഡൽഹി: ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്‍റെ വസതിക്ക് മുന്നിൽ ആത്മഹത്യാശ്രമം. വ്യാജപീഡനക്കേസിൽ തന്നെ കുടുക്കി എന്നാരോപിച്ച് നാൽപതുകാരനാണ് വിഷം കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചത്.
മുഖ്യമന്ത്രിയുടെ വസതിയുടെ പരിസരത്തേക്ക് കൈയിൽ ഉണ്ടായിരുന്ന എന്തോ ഒരു വസ്തു നാൽപതുകാരൻ എടുത്തെറിഞ്ഞു. ഇത് കണ്ട സുരക്ഷാ ഉദ്യോഗസ്ഥർ ഗേറ്റ് തുറന്നു. ഉടൻ തന്നെ ഇയാൾ അകത്തേക്ക് ബലം പ്രയോഗിച്ച് കടക്കാൻ ശ്രമിച്ചു.
എന്നാൽ സുരക്ഷാ ഉദ്യോഗസ്ഥർ ഇത് തടഞ്ഞു. ഇതിനിടയിൽ ഇയാളുടെ വായിൽ നിന്ന് നുരയും പതയും വരികയായിരുന്നു. തുടർന്ന് ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു. എന്നാൽ ആശുപത്രി വിടുമ്പോൾ ഇയാൾക്കെതിരെ ബലാത്സംഗക്കേസ് മാത്രമല്ല ആത്മഹത്യ ശ്രമത്തിനുള്ള കേസ് കൂടി എടുക്കുമെന്ന് ഡൽഹി പൊലീസ് വ്യക്തമാക്കി.