ഉത്തരകൊറിയയെ പ്രകോപിപ്പിക്കുന്നതിൽനിന്ന് അമേരിക്കയും ദക്ഷിണ കൊറിയയും വിട്ടുനിൽക്കണമെന്ന് ചൈന


ദക്ഷിണകൊറിയയുടെ സംരക്ഷണത്തിനായി അണ്വായുധം വഹിക്കുന്ന മുങ്ങിക്കപ്പലും ബോംബറുകളും അയയ്ക്കാൻ അമേരിക്ക തീരുമാനിച്ചതിനു പിന്നാലെ മുന്നറിയിപ്പുമായി ചൈന. ഉത്തരകൊറിയയെ പ്രകോപ്പിപ്പിക്കുന്നതിൽനിന്ന് അമേരിക്കയും ദക്ഷിണകൊറിയയും വിട്ടുനിൽക്കണമെന്നു ചൈനീസ് വിദേശകാര്യമന്ത്രാലയം വക്താവ് മാവോ നിംഗ് ആവശ്യപ്പെട്ടു. ഭീഷണികൾ മുഴക്കി പ്രകോപനം സൃഷ്ടിക്കുന്നതിനു പകരം കൊറിയൻ മേഖലയുടെ സമാധാനത്തിനു വേണ്ട നടപടികളാണു ചെയ്യേണ്ടതെന്നും കൂട്ടിച്ചേർത്തു. ദക്ഷിണ കൊറിയൻ പ്രസിഡന്‍റ് യൂൺ സക് യോളും അമേരിക്കൻ പ്രസിഡന്‍റ് ജോ ബൈഡനും കഴിഞ്ഞദിവസം വാഷിംഗ്ടൺ ഡിസിയിൽ ഉച്ചകോടി നടത്തിയശേഷമാണു സുപ്രധാന പ്രഖ്യാപനങ്ങളുണ്ടായത്. 

അണ്വായുധം പ്രയോഗിച്ചാൽ ഉത്തരകൊറിയൻ നേതൃത്വത്തിന്‍റെ അവസാനമായിരിക്കുമെന്ന് ഇരുവരും മുന്നറിയിപ്പു നൽകി. ദക്ഷിണകൊറിയയുടെ സംരക്ഷണത്തിന് അമേരിക്കയുടെ ഭാഗത്തുനിന്ന് കൂടുതൽ നടപടികൾ ഉണ്ടാകും. നാലു പതിറ്റാണ്ടിനുശേഷമാണ് ആണവ മുങ്ങിക്കപ്പൽ ദക്ഷിണകൊറിയയിലെത്തുന്നത്. ഇതിനു പകരമായി അണ്വായുധം വികസിപ്പിക്കില്ലെന്ന ഉറപ്പ് ദക്ഷിണകൊറിയ അമേരിക്കയ്ക്കു നൽകി. ഉത്തരകൊറിയ അണ്വായുധ, മിസൈൽ പദ്ധതികൾ ഊർജിതമാക്കിയിരിക്കുന്ന പശ്ചാത്തലത്തിലാണു ദക്ഷിണകൊറിയയും അമേരിക്കയും സഹകരണം വർധിപ്പിക്കുന്നത്.

article-image

43634

You might also like

  • Lulu Exchange
  • Straight Forward

Most Viewed