ബിജെപിയിൽ ചേർന്നാൽ തനിക്കെതിരെയുള്ള കേസുകൾ പിൻവലിക്കാമെന്ന് ബിജെപി വാഗ്ദാനം ചെയ്‌തെന്ന് സിസോദിയ

ബിജെപിക്കെതിരെ ഗുരുതര ആരോപണവുമായി ഡൽഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ. ബിജെപിയിൽ ചേർന്നാൽ തനിക്കെതിരെയുള്ള കേസുകൾ പിന്‍വലിക്കാമെന്ന് ബിജെപി വാഗ്ദാനം ചെയ്‌തെന്ന് സിസോദിയ ആരോപിച്ചു. മദ്യനയവുമായി ബന്ധപ്പെട്ട് സിബിഐ രജിസ്റ്റർ ചെയ്ത കേസുകളും ഇഡി അന്വേഷണവും അവസാനിപ്പിക്കാമെന്നാണ് തനിക്ക് ലഭിച്ച സന്ദേശമെന്നു സിസോദിയ ട്വിറ്ററിൽ കുറിച്ചു. തലപോയാലും താൻ ബിജെപിയിലേയ്ക്കില്ല. തനിക്കെതിരെയുള്ള എല്ലാ കേസുകളും കെട്ടിചമച്ചതാണെന്നും സിസോദിയ പ്രതികരിച്ചു.
അതേസമയം ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാളും മനീഷ് സിസോദിയയും രണ്ട് ദിവസത്തെ സന്ദർശനത്തിന് ഇന്ന് ഗുജറാത്തിലെത്തും. ഗുജറാത്തിൽ ഡിസംബറിൽ നടക്കുന്ന തെരഞ്ഞെടുപ്പ് ലക്ഷ്യം വച്ചാണ് സന്ദർശനം.
മദ്യനയക്കേസുമായി ബന്ധപ്പെട്ട് ആംആദ്മി സർക്കാരിനെതിരെ കേന്ദ്ര ഏജൻസികൾ അന്വേഷണം കടുപ്പിച്ച സാഹചര്യത്തിലാണ് ഗുജറാത്തിലേയ്ക്ക് പോകുമെന്നു കേജരിവാൾ പ്രഖ്യാപിച്ചത്. സിബിഐ രജിസ്റ്റർ ചെയ്ത കേസിൽ മനീഷ് സിസോദിയയാണ് ഒന്നാം പ്രതി. സിസോദിയയുടെ വസതിയിലുൾപ്പെടെ സിബിഐ കഴിഞ്ഞ ദിവസം റെയ്ഡ് നടത്തിയിരുന്നു.