അമിതമായ ദുർഗന്ധം ; 2 വർഷം പഴക്കമുള്ള അസ്ഥിക്കൂടം കണ്ടെത്തി പോലീസ്

ലണ്ടനിൽ ദുർഗന്ധം വമിക്കുന്നു എന്ന അയൽക്കാരുടെ പരാതിയിൽ പോലീസ് രണ്ട് വർഷം പഴക്കമുള്ള സ്ത്രീയുടെ അസ്ഥിക്കൂടം കണ്ടെത്തി. ഡെയിലി മെയിൽ എന്ന പത്രമാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. 60 വയസ്സ് പ്രായമുള്ള സ്ത്രീയുടെ അസ്ഥിക്കൂടം അവരുടെ അപ്പാർട്ട്മെന്റിൽ നിന്നാണ് പോലീസ് കണ്ടെത്തിയത്. വളരെ നാളുകളായി ഈ സ്ത്രീയുടെ മെയിൽ ബോക്സ് ആരും തുറന്ന് നോക്കാത്തത് ശ്രദ്ധയിൽപ്പെട്ടപ്പോളാണ് ഈ കേസിൽ സുപ്രധാന വഴിത്തിരിവ് ഉണ്ടായത്. കൂടാതെ വാടക മുടങ്ങിയതും മാസങ്ങളായി സ്ത്രീയെ പുറത്തേക്ക് കാണത്തതും കൂടുതൽ സംശയത്തിന് കാരണമായി. കഴിഞ്ഞ കുറച്ച് മാസങ്ങളായി അമിതമായ അളവിൽ ദുർഗന്ധം വമിക്കുന്നത് തുടർന്നപ്പോളാണ് അധികാരികളെ വിവരമറിയിക്കുന്നത്. ഒടുവിൽ പോലീസ് നടത്തിയ തിരച്ചിലിൽ സ്ത്രീയുടെ അസ്ഥിക്കൂടം കണ്ടെത്തുകയായിരുന്നു.