വെള്ളമുണ്ട ഇരട്ടക്കൊലകേസ്: പ്രതിക്ക് വധശിക്ഷ

വയനാട് വെള്ളമുണ്ട ഇരട്ടക്കൊലക്കേസിൽ പ്രതി വിശ്വനാഥന് വധശിക്ഷ. കൽപറ്റ സെഷൻസ് കോടതിയാണ് ശിക്ഷ വിധിച്ചത്. 2018 ജൂലായ് ആറിനായിരുന്നു മോഷണശ്രമത്തിനിടെ നവദന്പതികളായ ഉമ്മറും ഫാത്തിമയും കൊല്ലപ്പെട്ടത്.
കൊലപാതകം, ഭവന ഭേദനം, കവർച്ച, തെളിവു നശിപ്പിക്കൽ എന്നീ കുറ്റങ്ങളാണ് തെളിഞ്ഞത്. പ്രതിക്കെതിരായ കുറ്റങ്ങൾ തെളിയിക്കാൻ പ്രോസിക്യുഷന് കഴിഞ്ഞുവെന്ന് െസഷൻസ് ജഡജി വി. ഹാരിസൺ ചൂണ്ടിക്കാട്ടി. പ്രതി കുറ്റക്കാരനാണെന്ന് കോടതി കഴിഞ്ഞ ദിവസം വ്യക്തമക്കിയിരുന്നു.
നാടിനെ ഞെട്ടിച്ച ഇരട്ടക്കൊലപാതകത്തിൽ നവദന്പതികളായ വെളളമുണ്ട കണ്ടത്തുവയൽ പൂരിഞ്ഞിയിൽ വാഴയിൽ ഉമ്മർ (26), ഭാര്യ ഫാത്തിമ (19), എന്നിവരെ കിടപ്പുമുറിയിൽ കൊലപ്പെട്ട നിലയിൽ കണ്ടെത്തിയത്. കേസിൽ തുന്പൊന്നും ലഭിക്കാതെയിരുന്നതിനാൽ അന്വേഷണം പ്രത്യേക സംഘമാണ് നടത്തിയത്. രണ്ടു മാസത്തെ അന്വേഷണത്തിനൊടുവിൽ സെപ്റ്റംബറിൽ കോഴിക്കോട് തൊട്ടിൽപാലം കാവിലുംപാറ പഞ്ചായത്തിലെ മരുതോറയിൽ കലങ്ങോട്ടുമ്മൽ വിശ്വനാഥനെ (45) പോലീസ് അറസ്റ്റ് ചെയ്തത്. മോഷണ ശ്രമത്തിനിടെയാണ് ദന്പതികളെ വിശ്വനാഥൻ അടിച്ചുകൊന്നത്. മരണ ശേഷം ആഭരണങ്ങൾ എടുത്തു വീടിന്റെ പരിസരത്തു മുളകുപൊടി വിതറിയാണ് വിശ്വനാഥൻ രക്ഷപെട്ടത്.
2020 നവംബറിൽ കുറ്റപ്പത്രം ജില്ലാ സെഷൻസ് കോടതിയിൽ സമർപ്പിച്ചിരുന്നു. അറസ്റ്റിലായ അന്നുമുതൽ വിശ്വനാഥൻ ജുഡീഷ്യൽ കസ്റ്റഡിയിലാണ്.