ഒരു ജീവൻ ഇല്ലാതാകുന്നതിനേക്കാൾ എത്രയോ നല്ലതാണ് ഒരു ചടങ്ങ് ഒഴിവാക്കുന്നത്; ലോകാരോഗ്യ സംഘടന

ജനീവ: പല യൂറോപ്യൻ രാജ്യങ്ങളിലും കൊവിഡ് വ്യാപനം അതി രൂക്ഷമായിരിക്കുന്ന സാഹചര്യത്തിൽ ക്രിസ്മസ് −പുതുവത്സര ആഘോഷങ്ങൾ ഒഴിവാക്കുന്നതാണ് ഉചിതമെന്ന് ലോകാരോഗ്യ സംഘടന. ഒരു ജീവൻ ഇല്ലാതാകുന്നതിനേക്കാൾ എത്രയോ നല്ലതാണ് ഒരു ചടങ്ങ് ഒഴിവാക്കുന്നതെന്ന് ലോകാരോഗ്യ സംഘടന മേധാവി ടെഡ്രോസ് അഥാനം ഗബ്രിയേസസ് പറഞ്ഞു. ജനങ്ങൾ അതീവ ജാഗ്രത പാലിക്കേണ്ട സമയമാണിതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഒമിക്രോൺ കേസുകൾ വർദ്ധിക്കുന്ന സാഹചര്യത്തിൽ ആഘോഷ പരിപാടികൾ ഒഴിവാക്കാൻ ജനങ്ങൾ തയ്യാറാകണം. അവധി ദിനങ്ങളും ഒത്തുകൂടലുകളുമെല്ലാം കൊവിഡ് കേസുകളും മരണനിരക്കും ഉയർത്താൻ കാരണമാകുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഈ മഹാമാരി എല്ലാവരിലും മടുപ്പുളവാക്കിയിട്ടുണ്ട്. അതിനാൽ കുടുംബത്തോടൊപ്പവും സുഹൃത്തുക്കളുടെ കൂടെയുമെല്ലാം സമയം ചിലവഴിക്കാൻ ഏവരും ആഗ്രഹിക്കുന്നത് സ്വാഭാവികമാണ്. എന്നാൽ ഈ പ്രയാസമേറിയ ഘട്ടത്തിൽ ലോകനേതാക്കളും ജനങ്ങളും കൂട്ടായി ഉറച്ച തീരുമാനങ്ങളെടുക്കുകയും അതിലൂടെ നമ്മുടെയും ചുറ്റുമുള്ളവരുടെയും ജീവൻ സംരക്ഷിക്കുകയും വേണമെന്ന് ടെഡ്രോസ് അഥാനം പറഞ്ഞു.