ഇന്തോ−പാക് ബോർഡറിൽ ജനിച്ച കുഞ്ഞ് ‘ബോർഡർ’

കറാച്ചി: ഇന്തോ−പാക് അതിർത്തി അത്താരിയിൽ പ്രസവിച്ച കുഞ്ഞിന് ∍ബോർഡർ∍ എന്ന് പേരിട്ട് പാകിസ്താനി ദന്പതികൾ. പഞ്ചാബ് പ്രവിശ്യയിലെ രാജൻപൂർ ജില്ലയിൽ നിന്നുള്ള നിംബു ബായിയും ബാലം റാമുമാണ് അതിർത്തിയിൽ പിറന്ന കുഞ്ഞിന് ബോർഡർ എന്ന പേരിട്ടത്. ഡിസംബർ 2നാണ് യുവതിയുടെ പ്രസവം നടന്നത്. മറ്റ് 97 പാകിസ്താന്‍കാർക്കൊപ്പം കഴിഞ്ഞ 71 ദിവസമായി അത്താരി അതിർത്തിയിൽ കുടുങ്ങിക്കിടക്കുകയായിരുന്നു ദന്പതികൾ. . വ്യാഴാഴ്ച നിംബുവിന് പ്രസവവേദന അനുഭവപ്പെട്ടതിനെ തുടർന്ന് അയൽഗ്രാമത്തിൽ നിന്നുള്ള സ്ത്രീകൾ സഹായിക്കാനെത്തിയിരുന്നു. മറ്റ് സഹായങ്ങൾ ചെയ്യുന്നതിനൊപ്പം പ്രസവത്തിന് ആവശ്യമായ ചികിത്സാ സൗകര്യങ്ങളും നാട്ടുകാർ ഒരുക്കിയിരുന്നു.
ലോക്ഡൗണിന് മുന്‍പ് ബന്ധുക്കളെ കാണുന്നതിനും തീർത്ഥാടനത്തിനായി ഇന്ത്യയിലെത്തിയ 98 പൗരന്മാർക്കും ആവശ്യമായ രേഖകൾ ഇല്ലാത്തതിനാൽ നാട്ടിലേക്ക് മടങ്ങാൻ കഴിഞ്ഞില്ലെന്ന് ബാലം റാം പറഞ്ഞു. ഇതിൽ 46 പേരും കുട്ടികളാണ്. ഇക്കൂട്ടത്തിൽ ആറു പേരും ഇന്ത്യയിൽ ജനിച്ചവരും ഒരു വയസിൽ താഴെയുള്ളവരുമാണ്. ബാലം റാമിനൊപ്പമുള്ള ലഗ്യ റാം 2020ൽ ജോധ്പൂരിൽ വച്ചു ജനിച്ച തന്‍റെ കുഞ്ഞിന് ഭാരത് എന്നാണ് പേരു നൽകിയത്. ജോധ്പൂരിലുള്ള സഹോദരനെ കാണാനെത്തിയ ലഗ്യക്ക് ഇതുവരെ നാട്ടിലേക്ക് പോകാൻ സാധിച്ചിട്ടില്ല. പാകിസ്താനിലെ വിവിധ ജില്ലകളിൽ നിന്നുള്ളവരാണ് ഇവർ. പാകിസ്താൻ റേഞ്ചർമാർ സ്വീകരിക്കാൻ വിസമ്മതിച്ചതിനാൽ അത്താരി അതിർത്തിയിലെ ടെന്‍റിലാണ് ഇവർ ഇപ്പോൾ താമസിക്കുന്നത്. ഇവർക്കു മൂന്നുനേരം ഭക്ഷണവും മരുന്നും വസ്ത്രങ്ങളും അവിടുത്തെ നാട്ടുകാരാണ് നൽകുന്നത്.