മുസ്‌ലിം ആരാധനാലയത്തിൽ കൃഷ്ണവിഗ്രഹം സ്ഥാപിക്കുമെന്ന പ്രഖ്യാപനം; മഥുരയിൽ കനത്ത സുരക്ഷ

മഥുര: ശ്രീകൃഷ്ണൻ ജനിച്ച സ്ഥലമെന്ന് അവകാശപ്പെട്ട് മുസ്‌ലിം ആരാധനാലയത്തിൽ കൃഷ്ണവിഗ്രഹം സ്ഥാപിക്കുമെന്ന പ്രഖ്യാപനത്തെത്തുടർന്ന് ഉത്തർപ്രദേശിലെ മഥുരയിൽ കനത്ത സുരക്ഷ. മഥുരയിലെ ഷാഹി ഈദ്ഗാ മസ്ജിദിൽ തിങ്കളാഴ്ച കൃഷ്ണവിഗ്രഹം സ്ഥാപിക്കുമെന്ന് അഖില ഭാരത് ഹിന്ദു മഹാസഭാനേതാവ് രാജ്യശ്രീ ചൗധരി നേരത്തെ പ്രഖ്യാപിച്ചിരുന്നു. എന്നാൽ, പ്രഖ്യാപനത്തിൽനിന്ന് പിൻമാറിയതായി കഴിഞ്ഞയാഴ്ച സംഘടന അറിയിക്കുകയും ചെയ്തു. എങ്കിലും സുരക്ഷയിൽ വിട്ടുവീഴ്ചയില്ലെന്ന നിലപാടിലാണ് അധികൃതർ.
ശനിയാഴ്ച മുതൽ നഗരാതിർത്തിയിൽ പരിശോധന കർശനമാക്കിയ പോലീസ് നഗരത്തെ എട്ടായി വിഭജിച്ച് മുതിർന്ന ഉദ്യോഗസ്ഥർക്ക് സുരക്ഷാച്ചുമതല കൈമാറുകയും ചെയ്തു. തിങ്കളാഴ്ച അർധസൈനികവിഭാഗത്തെയും വിന്യസിച്ചു. ഗതാഗ തനിയന്ത്രണവും ഏർപ്പെടുത്തി. ക്ഷേത്രത്തിന്‍റെയും മുസ്‌ലിം ആരാധനാലയത്തിന്‍റെയും സമീപത്തേക്കു വാഹനഗതാഗം നിരോധിച്ചു. നിരോധനാജ്ഞയും പ്രഖ്യാപിച്ചു. സേനയിലെ ആയുധങ്ങൾ കൃത്യമായി പ്രവർത്തിക്കുന്നുണ്ടെന്ന് ജില്ലാ മജിസ്ട്രേറ്റിന്‍റെ സാന്നിധ്യത്തിൽ ഉറപ്പു വരുത്തിയതായും എസ്എസ്പി ഗൗരവ് ഗ്രോവർ പറഞ്ഞു.