സാംബിയയുടെ പ്രഥമ പ്രസിഡന്റും ദക്ഷിണാഫ്രിക്കൻ വിമോചന സമരത്തിന്റെ നേതാവുമായ കെന്നത്ത് കൗണ്ട അന്തരിച്ചു
ല്യൂസാകാ: സാംബിയയുടെ പ്രഥമ പ്രസിഡന്റും ദക്ഷിണാഫ്രിക്കൻ വിമോചന പോരാട്ടത്തിന്റെ അമരക്കാരിൽ ഒരാളുമായ കെന്നത്ത് കൗണ്ട അന്തരിച്ചു. 97 വയസ്സായിരുന്നു. 27 വർഷംസാംബിയ പ്രസിഡന്റായിരുന്ന കെന്നത്ത് തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ടാണ് പുറത്തുപോയത്. അതിനിടെ വധശ്രമവും വീട്ടുതടങ്കലും പടുത്തുയർത്തിയ രാജ്യത്തുനിന്നു നാടുകടത്താനുള്ള ശ്രമവുമൊക്കെ അതിജീവിച്ചു.
ന്യുമോണിയ ബാധയെ തുടർന്ന് സൈനിക ആശുപത്രിയിൽ ചികിത്സയിലിരിക്കേയാണ് അന്ത്യം. പ്രസിഡന്റ് ഈഗർ ലംഗുവാണ് മരണവാർത്ത പുറത്തുവിട്ടത്. ആദരസൂചകമായി സാംബിയയിൽ 21 ദിനത്തെ ദുഃഖാചരണവും പ്രഖ്യാപിച്ചു.
സ്‌കൂൾ അധ്യാപകനായിരുന്ന കെന്നത്ത് 1960കളിലാണ് ആഫ്രിക്കൻ രാഷ്ട്രീയത്തിലേക്ക് എത്തുന്നത്. ഏബ്രഹാം ലിങ്കനേയും മഹാത്മാ ഗാന്ധിയേയും മാതൃകയാക്കി ഉയർത്തികാട്ടിയ കെന്നത്തിന്റെ പ്രസംഗങ്ങൾ ആളുകളെ ആവേശത്തിലാഴ്ത്തി.
അധികാരം കിട്ടിയതോടെ നിയമവാഴചയേയും ജനാധിപത്യത്തേയും തോന്നിയപടി നിർവചിച്ച കെന്നത്ത, തന്റേത് ഒഴികെ എല്ലാ രാഷ്ട്രീയ പാർട്ടികളെയും സാംബിയയിൽ നിരോധിച്ചു. ഏകകക്ഷി ഭരണത്തിലൂടെയേ ദേശീയ ഐക്യം ശക്തിപ്പെടൂ എന്നായിരുന്നു അതിന് അദ്ദേഹം നൽകിയ വിശദീകരണം. തെറ്റായ സാന്പത്തിക നയങ്ങളും രാജ്യത്തെ തകർച്ചയിലേക്ക് നയിച്ചു. എങ്കിലും ഏറെക്കാലം എതിരാളികളില്ലാതെ ഭരിക്കാൻ അദ്ദേഹത്തിന് കഴിഞ്ഞു.
അദ്ദേഹത്തിന്റെ അനുയായികളാകട്ടെ ദൈവീക സ്ഥാനമാണ് കെന്നത്തിന് നൽകിയത്. ‘ദൈവം സ്വർഗത്തിലാണ്−ഭൂമിയിൽ കെന്നത്ത് കൗണ്ടയും’ എന്നായിരുന്നു അവർ പറഞ്ഞിരുന്നത്. അധികാരം നഷ്ടപ്പെട്ടതോടെ സ്വകാര്യ ജീവിതത്തിലേക്ക് ചുരുങ്ങിയ കെന്നത്ത് അവസാനമായി പങ്കെടുത്ത പൊതുചടങ്ങ് 2013 ഡിസംബറിൽ നെൽസണ്‍ മണ്ടേലയുടെ സംസ്‌കാര ചടങ്ങായിരുന്നു.