കൊവിഡ്; ഉത്തരവാദികളായ ചൈന യു എസിന് 10 ട്രില്യൺ ഡോളർ നഷ്‌ടപരിഹാരമായി നൽകണമെന്ന് ട്രംപ്


ന്യൂയോർക്ക്: കൊവിഡ് മഹാമാരി ഇന്ത്യയെ തകർത്തുകളഞ്ഞുവെന്ന് മുൻ അമേരിക്കൻ പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപ്. ആഗോളതലത്തിൽ കൊവിഡ് വ്യാപനത്തിന് ഉത്തരവാദികളായ ചൈന യു എസിന് 10 ട്രിൽയൺ ഡോളർ നഷ്‌ടപരിഹാരമായി നൽകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഒരു അന്താരാഷ്‌ട്ര മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുന്പോഴായിരുന്നു മുൻ അമേരിക്കൻ പ്രസിഡന്‍റിന്‍റെ പരാമർശം. കൊവിഡ് തകർത്ത രാജ്യങ്ങൾ ഒരിക്കലും പഴയതുപോലെയാകില്ല. അമേരിക്കയെ വളരെ മോശമായാണ് കൊവിഡ് ബാധിച്ചത്. എന്നാൽ മറ്റുരാജ്യങ്ങളെ അതിലേറെ മോശമായാണ് കൊവിഡ് ബാധിച്ചത്. ഇന്ത്യ ഇപ്പോൾ തകർന്നുപോയിരിക്കുകയാണ്. എല്ലാ രാജ്യങ്ങളും തകർന്നടിഞ്ഞിരിക്കുകയാണെന്നും ട്രംപ് ചൂണ്ടിക്കാട്ടി.

വൈറസ് എവിടെ നിന്നാണ് വന്നത്, എങ്ങനെയാണ് വന്നത് എന്നതിനെ കുറിച്ച് കണ്ടെത്തേണ്ടത് പ്രധാനമാണ്. തനിക്കതറിയാം എന്നും കൊവിഡ് പ്രതിസന്ധിയെ തുടർന്ന് വേഗത്തിൽ മടങ്ങിവരുന്ന രണ്ട് സാന്പത്തിക ശക്തികളിലൊന്നായ ചൈന തീർച്ചയായും സഹായഹസ്‌തം നീട്ടേണ്ടതുണ്ടെന്നും ട്രംപ് ആവശ്യപ്പെട്ടു.

2019ൽ ചൈനയിലെ വുഹാനിലാണ് കൊവിഡ് ആദ്യം റിപ്പോർട്ട് ചെയ്യുന്നത്. വുഹാനിലെ ലാബിൽ നിന്ന് ചോർന്നതാണ് വൈറസ് എന്ന് ആരംഭഘട്ടത്തിൽ തന്നെ ട്രംപ് ആരോപിച്ചിരുന്നു. ട്രംപിന്‍റെ പരാമർശം വരുംദിവസങ്ങളിൽ കൂടുതൽ ചർച്ചകൾക്ക് വഴിയൊരുക്കും.

You might also like

Most Viewed