പാകിസ്ഥാനിൽ ചൈനീസ് അംബാസിഡർ താമസിച്ച ഹോട്ടലിൽ ഭീകരാക്രമണം, 4 പേർ കൊല്ലപ്പെട്ടു

പാക്കിസ്ഥാനിലെ ആഢംബര ഹോട്ടലില്‍ ചൈനീസ് അംബാസിഡറെ ലക്ഷ്യമിട്ട് ബോംബാക്രമണം. ബലൂചിസ്ഥാന്‍ തലസ്ഥാനമായ ക്വറ്റിലാണ് സ്‌ഫോടനമുണ്ടായത്. ആക്രമണത്തില്‍ നാല് പേര്‍ കൊല്ലപ്പെട്ടു. 12 പേര്‍ക്ക് പരുക്കുള്ളതായി പാക്കിസ്ഥാന്‍ മന്ത്രി ഷേയ്ക് റാഷിദ് അഹമ്മദ് പറഞ്ഞു. നടന്നത് ഭീകരാക്രമണം തന്നെയെന്ന് പാക്കിസ്ഥാന്‍ ഭരണകൂടം സ്ഥിരീകരിച്ചതായി അന്താരാഷ്ട്ര വാര്‍ത്താ ഏജന്‍സിയായ എഎഫ്പി റിപ്പോര്‍ട്ട് ചെയ്തു.
സ്‌ഫോടനത്തിന്റെ ഉത്തരവാദിത്വം പാക്കിസ്ഥാന്‍ താലിബാന്‍ ഏറ്റെടുത്തു. ക്വറ്റയിലെ സെറീന ഹോട്ടലില്‍ ഉണ്ടായിരുന്ന ചൈനീസ് അംബാസിഡര്‍ സ്‌ഫോടനം നടക്കുന്ന സമയത്ത് സംഭവസ്ഥലത്തുനിന്ന് മാറിയതിനാല്‍ അത്ഭുതകരമായി രക്ഷപ്പെട്ടു. ചൈനീസ് അംബാസിഡര്‍ നോങ് റോങ്ങിന്റെ നേതൃത്വലുള്ള നാലംഗ സംഘമായിരുന്നു ഹോട്ടലില്‍ താമസിച്ചിരുന്നത്. ഹോട്ടലിന്റെ കാര്‍ പാര്‍ക്കിംഗ് ഏരിയയില്‍ സ്‌ഫോടനം നടക്കുകയും തീ ആ പ്രദേശത്താകെ ആളിപ്പടരുകയായിരുന്നു. സ്‌ഫോടക വസ്തുക്കള്‍ നിറഞ്ഞ കാര്‍ പാര്‍ക്കിംഗ് സ്ഥലത്ത് കൊണ്ടുവന്നശേഷമാകാം ആക്രമണം നടന്നതെന്ന് പൊലീസ് സംശയിക്കുന്നു.