രാജ്യത്തെ 146 ജില്ലകളിൽ കൊവിഡ് സാഹചര്യം ഗുരുതരമെന്ന് റിപ്പോർട്ട്

ന്യൂഡൽഹി: രാജ്യത്തെ 146 ജില്ലകളിൽ കൊവിഡ് സാഹചര്യം ഗുരുതരമെന്ന് റിപ്പോർട്ട്. ഈ ജില്ലകളിൽ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 15 ശതമാനമാണെന്ന് കേന്ദ്രസർക്കാർ അറിയിച്ചു. 274 ജില്ലകളിൽ പോസിറ്റിവിറ്റി 5-15 ശതമാനം വരെയാണ്. അടുത്ത ഘട്ട വാക്സിനേഷൻ മുതൽ വാക്സീൻ വിഹിതം സംബന്ധിച്ച വിവരം 15 ദിവസം മുൻപ് സംസ്ഥാനങ്ങളെ അറിയിക്കുമെന്നും കേന്ദ്രസർക്കാർ അറിയിച്ചിട്ടുണ്ട്.
കഴിഞ്ഞ ദിവസത്തെ കൊവിഡ് കണക്ക് അനുസരിച്ച് പതിനേഴോളം സംസ്ഥാനങ്ങളിൽ ഇതുവരെയുള്ളതിലെ ഏറ്റവും ഉയർന്ന നിരക്കാണ് രോഗികളുടെ എണ്ണത്തിൽ രേഖപ്പെടുത്തിയിരിക്കുന്നത്. ഡൽഹിയിൽ മാത്രമാണ് രോഗം സ്ഥിരീകരിച്ചവരുടെ എണ്ണത്തിൽ ഇന്നലെ നേരിയ കുറവ് രേഖപ്പെടുത്തിയത്. 4000 കേസുകളുടെ കുറവ് ഡൽഹിയിൽ രേഖപ്പെടുത്തിയിട്ടുണ്ട്. ഇവിടെ പരിശോധനകളുടെ എണ്ണം കുത്തനെ ഇടിഞ്ഞു എന്നാണ് മനസ്സിലാക്കാൻ കഴിയുന്നത്. രാജ്യത്താകമാനമുള്ള ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ഇപ്പോൾ 19 ശതമാനമാണ്. കൊവിഡ് വ്യാപനം രൂക്ഷമായ 146 ജില്ലകളിൽ ഡൽഹി, മുംബൈ നഗരപ്രദേശങ്ങളും ഉൾപ്പെട്ടിട്ടുണ്ട് എന്നത് ആശങ്ക വർധിപ്പിക്കുന്നു.