നേപ്പാളിൽ രാമക്ഷേത്രം നിർമ്മിക്കുമെന്ന് നേപ്പാൾ പ്രധാനമന്ത്രി

ചിറ്റ്വാൻ: നേപ്പാൾ പ്രധാനമന്ത്രി കെ പി ശർമ്മ ഒലിയുടെ രാമഭക്തി വീണ്ടും ഉയർന്നുവരുന്നു.നേപ്പാളിലെ ബിർഗഞ്ചിലാണ് രാമൻ ജനിച്ചതെന്നും അവിടെ ക്ഷേത്രനിർമ്മാണം പുരോഗമിക്കുകയാണെന്നുമാണ് ഒലിയുടെ പ്രസ്താവന . ചിറ്റ്വാനിൽ നേപ്പാൾ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ നേതാക്കളെ അഭിസംബോധന ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു ഒലി.
അയോദ്ധ്യാപുരിയിൽ രാമക്ഷേത്രം പണിയാൻ മാസ്റ്റർ പ്ലാൻ തയ്യാറായി കഴിഞ്ഞു. രാംനവമി ദിനത്തിൽ പ്രാണ പ്രതിഷ്ഠ നടത്തും. സീതയുടെ വിഗ്രഹം നിർമ്മാണവും പുരോഗമിക്കുകയാണ്. ക്ഷേത്രത്തിനായി രാമന്റെ വിഗ്രഹം തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു. ഈ ക്ഷേത്രത്തിൽ ലക്ഷ്മണന്റെയും ഹനുമാന്റെയും പ്രതിഷ്ഠ സ്ഥാപിക്കുമെന്നും ഒലി പറഞ്ഞു. അടുത്ത വർഷം രാംനവമി ദിനത്തിൽ ശ്രീരാമന്റെ ജന്മസ്ഥലമായ അയോദ്ധ്യപുരിയിൽ മഹത്തായ പ്രാണ പ്രതിഷ്ഠാ ചടങ്ങ് സംഘടിപ്പിക്കുമെന്നും ഒലി പറഞ്ഞു.
കഴിഞ്ഞ വർഷം ജൂലായിലും ഒലി രാമന്റെ ജന്മസ്ഥലത്തെക്കുറിച്ച് തർക്കം ഉന്നയിച്ചിരുന്നു. ബിർഗഞ്ചിനടുത്തുള്ള തോറിയിലാണ് രാമൻ ജനിച്ചതെന്നും യഥാർത്ഥ അയോദ്ധ്യ നേപ്പാളിലാണെന്നുമായിരുന്നു ഒലിയുടെ നേരത്തെയുള്ള പ്രസ്താവന. ഒലിയുടെ പ്രസ്താവന ‘അർത്ഥശൂന്യവും അന്യായവും’ എന്ന് പ്രതിപക്ഷം ആരോപിച്ചു.