ഓസ്ട്രേലിയയില്‍ സെര്‍ച്ചിംഗ് സേവനം അവസാനിപ്പിക്കുമെന്ന് ഗൂഗിള്‍


 

മെല്‍ബൺ: മാധ്യമങ്ങളിലെ വാര്‍ത്തകൾ കാണിക്കുന്നതിന് പ്രദേശിക മാധ്യമങ്ങള്‍ക്ക് പണം നല്‍കണമെന്ന ഓസ്ട്രേലിയന്‍ സര്‍ക്കാർ നിയമത്തിനെതിരെ ഭീഷണിയുമായി ഗൂഗിള്‍ രംഗത്ത്. സര്‍ക്കാർ മുന്നോട്ടുവച്ച നിയമം നടപ്പിലാക്കിയാല്‍ ഓസ്ട്രേലിയയില്‍ തങ്ങളുടെ സെര്‍ച്ച് സേവനങ്ങള്‍ അവസാനിപ്പിക്കും എന്നാണ് ഗൂഗിൾ അറിയിച്ചത്. ഇത് സംബന്ധിച്ച് മാസങ്ങളായി തുടരുന്ന തര്‍ക്കത്തിൽ പുതിയ വഴിത്തിരിവാണ് ഗൂഗിളിന്‍റെ ഭാഗത്ത് നിന്ന് ഉണ്ടായിരിക്കുന്നത്.
കഴിഞ്ഞ ദിവസം ഓസ്ട്രേലിയന്‍ പാര്‍ലമെന്‍ററി കമ്മിറ്റിക്ക് മുന്നില്‍ ഹാജരായ ഓസ്ട്രേലിയ ന്യൂസിലന്‍റ് ഗൂഗിള്‍ എംഡി മെല്‍ സില്‍വ ഈ പുതിയ നിയമം ഒരിക്കലും നടപ്പിലാക്കാന്‍ സാധിക്കാത്തതാണെന്ന് അറിയിച്ചു. അതേ സമയം ഇത്തരം ഒരു നിയമം നടപ്പിലാക്കിയാല്‍ ഓസ്ട്രേലിയയിലെ സെര്‍ച്ചിംഗ് സേവനം അവസാനിപ്പിക്കേണ്ടിവരും ഗൂഗിള്‍ മേധാവി വ്യക്തമാക്കി. ഓസ്ട്രേലിയയിലെ ഓണ്‍ലൈന്‍ സെര്‍ച്ചിന്‍റെ 94 ശതമാനം ഗൂഗിള്‍ വഴിയാണ് നടക്കുന്നത് എന്നാണ് കണക്ക്.
എന്നാല്‍ ഇത്തരം ഭീഷണികളോട് പ്രതികരിക്കാനില്ലെന്നാണ് ഇതിനോട് ഓസ്ട്രേലിയന്‍ പ്രധാനമന്ത്രി സ്കോട്ട് മോറീസ് പ്രതികരിച്ചത്. നിങ്ങള്‍ക്ക് ഓസ്ട്രേലിയയില്‍ ചെയ്യാന്‍ കഴിയുന്ന കാര്യങ്ങളിലാണ് ഓസ്ട്രേലിയ നിയമം ഉണ്ടാക്കുന്നത്, അത് ഞങ്ങളുടെ പാര്‍ലമെന്‍റും സര്‍ക്കാറും ചെയ്യുന്നതാണ്. ഓസ്ട്രേലിയയില്‍ കാര്യങ്ങള്‍ നടക്കുന്നത് അങ്ങനെയാണ്- ഓസ്ട്രേലിയന്‍ പ്രധാനമന്ത്രി പറയുന്നു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed