ലണ്ടനിൽ 30 പേരിൽ ഒരാൾക്ക് കോവിഡ് രോഗം; ഗുരുതര സാഹചര്യമെന്ന് മുന്നറിയിപ്പ്
ലണ്ടൻ: ബ്രിട്ടന്‍റെ തലസ്ഥാനമായ ലണ്ടനിൽ 30 പേരിൽ ഒരാൾക്കെന്ന തോതിൽ കോവിഡ് വൈറസ് വ്യാപിച്ചതായി കണക്കുകൾ. രോഗവ്യാപനം അതിതീവ്രമാണെന്ന ലണ്ടൻ മേയർ സാദിഖ് ഖാന്‍റെ പ്രസ്താവനയ്ക്കൊപ്പമാണു കണക്കുകൾ പുറത്തുവരുന്നത്. ലണ്ടനിൽ ഗുരുതരമായ സാഹചര്യമാണുള്ളത്. കോവിഡ് ഭീഷണി നഗരത്തെ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. നഗരത്തിലെ 30 പേരിൽ ഒരാൾക്കെന്ന കണക്കിൽ കോവിഡ് വ്യാപിച്ചിട്ടുണ്ട്. ജനിതകമാറ്റം സംഭവിച്ച കൊറോണ വൈറസ് വ്യാപനം നിയന്ത്രിക്കാൻ അടിയന്തരമായ നടപടികൾ കൈക്കൊണ്ടില്ലെങ്കിൽ നിലവിലെ ആരോഗ്യസംവിധാനങ്ങൾ മതിയാകാതെ വരുകയും കൂടുതൽ പേർ മരിക്കുകയും ചെയ്യുമെന്നാണു മേയർ പറയുന്നത്. ലണ്ടൻ നിവാസികൾക്ക് കൂടുതൽ സാന്പത്തിക സഹായം നൽകണമെന്നാവശ്യപ്പെട്ട് സാദിഖ് ഖാൻ പ്രധാനമന്ത്രി ബോറിസ് ജോൺസണു കത്തയച്ചിട്ടുണ്ട്. ലണ്ടനിൽ ആശുപത്രികളിലെ രോഗികളുടെ എണ്ണത്തിൽ കഴിഞ്ഞ ആഴ്ചയെ അപേക്ഷിച്ച് 27 ശതമാനവും വെൻറിലേറ്ററുകളുടെ ആവശ്യത്തിൽ 42 ശതമാനവും വർധനയുണ്ടായതാണു റിപ്പോർട്ടുകൾ.

