ട്രംപ് അനുകൂലികള്‍ അമേരിക്കന്‍ പാര്‍ലമെന്റ് മന്ദിരത്തിലേക്ക് തള്ളിക്കയറി; വെടിവയ്പ്; ഒരു മരണം

വാഷിംഗ്ടൺ: തെരഞ്ഞെടുപ്പ് തോൽവിയിൽ പ്രകോപിതരായ ട്രംപ് അനുകൂലികൾ യുഎസ് പാർലമെന്‍റ് കെട്ടിടത്തിലേക്ക് ഇരച്ചുകയറി. പ്രതിഷേധക്കാരെ ഒഴിപ്പിക്കുന്നതിനിടെ പോലീസ് വെടിവയ്പിൽ ഒരു സ്ത്രീ മരിച്ചു. നെഞ്ചിൽ വെടിയേറ്റ ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല. നിയുക്ത പ്രസിഡന്‍റ് ജോ ബൈഡന്‍റെ വിജയം അംഗീകരിക്കാൻ യുഎസ് കോൺഗ്രസിന്‍റെ ഇരു സഭകളും സമ്മേളിക്കുന്നതിനിടെയാണു അക്രമാസക്തരായ ആയിരക്കണക്കിനു ട്രംപ് അനുകൂലികൾ കാപ്പിറ്റോൾ മന്ദിരത്തിലെ സുരക്ഷാവലയം ഭേദിച്ച് അകത്തുകടന്നത്. ഇന്ത്യൻ സമയം പുലർച്ചെ ഒരുമണിയോടെയാണു സംഭവങ്ങൾ. ഇരുസഭകളും അടിയന്തരമായി നിര്‍ത്തിവയ്ക്കുകയും പാർലമെന്‍റ് അംഗങ്ങളെ ഒഴിപ്പിക്കുകയും ചെയ്തു. പാർലമെന്‍റ് സമ്മേളിക്കുന്നതിടെ ഇത്തരമൊരു സുരക്ഷാവീഴ്ച യുഎസ് ചരിത്രത്തിൽ ഇതാദ്യമാണ്.