ചൈന വെളിപ്പെടുത്താത്ത കോവിഡ് മരണങ്ങള്‍.....


ബെയ്ജിംഗ് : ലോകരാജ്യങ്ങളെ ഭീതിയിലാക്കി മരണം വിതയ്ക്കുന്ന കൊറോണ രോഗത്തിന്റെ പ്രഭവകേന്ദ്രമായ ചൈന രോഗികളുടെ കണക്കുകൾ മറച്ചു വച്ചതായി റിപ്പോർട്ട് . വുഹാനിൽ രോഗം പൊട്ടിപ്പുറപ്പെട്ടതിന്റെ ആദ്യ ദിവസങ്ങളിൽ ചൈന രോഗികളുടെ എണ്ണം കുറച്ചു കാണിക്കുകയായിരുന്നു . ഹ്യൂബി പ്രൊവിൻഷ്യൽ സെന്റർ ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷനിൽ നിന്ന് ചോർന്ന രേഖകളിലാണ് ഈ വിവരങ്ങൾ ഉൾപ്പെട്ടിരിക്കുന്നത്.

വൈറസ് ബാധ ആദ്യമായി കണ്ടെത്തിയ ഹുബെ പ്രവിശ്യയിലെ പ്രാദേശിക ആരോഗ്യ അതോറിറ്റികൾ പുറത്തു വിട്ട കണക്ക് പ്രകാരം ഫെബ്രുവരി 10 നുള്ളിൽ ആകെ 5,918 പുതിയ കേസുകളാണ് പുറത്തു വന്നത് . എന്നാൽ ഇതിന്റെ ഇരട്ടിയിലധികമാണ് യഥാർത്ഥ കണക്കെന്ന് രേഖകൾ വ്യക്തമാക്കുന്നു . ഇത് ചൈന ഒരിക്കലും ലോകത്തിന് മുന്നിൽ വെളിപ്പെടുത്തിയിട്ടില്ലെന്നും റിപ്പോർട്ടിൽ പറയുന്നു.
കൊറോണ വൈറസ് ബാധയെ ചൈനീസ് സർക്കാർ കൈകാര്യം ചെയ്യുന്നതിൽ വീഴ്ച്ച വന്നതായി വ്യക്തമാക്കുന്നതാണ് റിപ്പോർട്ട് . കൊറോണ വൈറസ് ഉത്ഭവം കണ്ടെത്താൻ സാധ്യമായതെല്ലാം ചെയ്യുമെന്ന് ലോകാരോഗ്യ സംഘടനയുടെ തലവൻ ടെഡ്രോസ് അദാനോം ഗെബ്രിയേസസിന്റെ പ്രസ്താവനയ്ക്ക് പിന്നാലെയാണ് ചൈന രോഗികളുടെ കണക്കുകൾ മറച്ചു വച്ചതായുള്ള രേഖകൾ പുറത്തു വന്നത് .

ഫെബ്രുവരിയില്‍ വുഹാനില്‍ പതിനായിരക്കണക്കിന് പേര്‍ മരിച്ചതിനെ തുടര്‍ന്ന് ഇവരെ ദഹിപ്പിക്കാനായി ഇവിടുത്തെ ക്രിമിറ്റോറിയങ്ങള്‍ 24 മണിക്കൂറും പ്രവര്‍ത്തിച്ചിരുന്നുവെന്നും മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. ബന്ധുക്കള്‍ക്ക് അന്ത്യോപചാരം അര്‍പ്പിക്കാന്‍ പോലും അനുവദിക്കാതെ മൃതദേഹങ്ങള്‍ ആശുപത്രിയില്‍ നിന്ന് കൊണ്ട് പോയി കത്തിച്ച്‌ കളയുകയായിരുന്നു ചൈന അന്ന് ചെയ്തിരുന്നത്.

പകർച്ചവ്യാധിയുടെ തുടക്കം മുതൽ ചൈന സ്വീകരിച്ച നടപടികൾ വെളിപ്പെടുത്തുന്ന കാര്യങ്ങളും രേഖയിൽ വ്യക്തമാണ്. മൃഗങ്ങളിലെ കൊറോണ വൈറസിന്റെ ഉത്ഭവത്തെക്കുറിച്ചും വൈറസ് ആദ്യമായി മനുഷ്യരിലേക്ക് കടന്നതെങ്ങനെയെന്നും അന്വേഷിക്കാൻ പകർച്ച വ്യാധി വിദഗ്ധരും, വെറ്റിനറി വിദഗ്ധരും അടങ്ങുന്ന അന്താരാഷ്ട്ര വിദഗ്ധരുടെ ഒരു സംഘത്തെ ചൈനയിലേക്ക് അയയ്ക്കാൻ ലോകാരോഗ്യ സംഘടന തീരുമാനിച്ചിരുന്നു.
ജൂലൈയിൽ ചെറിയ ഒരു സംഘത്തെ ബെയ്ജിംഗിലേയ്ക്ക് അയച്ചിരുന്നുവെങ്കിലും നിരവധി ശാസ്ത്രജ്ഞരുടെ സംഘത്തിന് ചൈനയിലേക്ക് പോകാനും പഠനം ആരംഭിക്കാനും ചൈന ഇതുവരെ അനുമതി നൽകിയിട്ടില്ല.

കൊറോണ വൈറസിന്റെ ഉത്ഭവം അറിയണമെന്നും ,ഇത് ഭാവിയിൽ ഉണ്ടാകുന്ന പകർച്ചവ്യാധികൾ തടയാൻ സഹായിക്കുമെന്നുമുള്ള ലോകാരോഗ്യ സംഘടനയുടെ പ്രസ്താവനയേയും ചൈന മുഖവിലയ്ക്കെടുത്തിട്ടില്ല .

കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ ഹുബെ പ്രവിശ്യയിലെ വുഹാന്‍ നഗരത്തില്‍ ഹ്വാനാന്‍ മാര്‍ക്കറ്റില്‍നിന്നാണ് മൃഗങ്ങളില്‍നിന്നു മനുഷ്യരിലേക്ക് ആദ്യമായി കൊറോണ ബാധ ഉണ്ടായതെന്നാണു നിഗമനം.ഡിസംബറില്‍ വുഹാനില്‍ രോഗബാധ ആദ്യാമായി സ്ഥിരീകരിച്ചതിന് ശേഷവും ജനുവരി 23ന് ലോക്ക്ഡൗണ്‍ പ്രഖ്യാപിക്കുന്നത് വരെ വുഹാനില്‍ നിന്നും രാജ്യത്തിന്റെ മറ്റിടങ്ങളിലേക്ക് ഗതാഗതം നിലനിന്നതിനാല്‍ ഇവിടെ നിന്നും വൈറസ് ബാധിതര്‍ മറ്റ് സ്ഥലങ്ങളിലെത്തിയിട്ടുണ്ടാകാമെന്നും ചൈന ഇത് മറച്ചുവെച്ചിരിക്കുകയാണെന്നും റിപ്പോർട്ടുകൾ വന്നിരുന്നു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed