ചരിത്രത്തിൽ ആദ്യമായി സ്വാതന്ത്ര്യ ദിനത്തിൽ നയാഗ്ര വെള്ളച്ചാട്ടത്തിൽ ഇന്ത്യൻ പതാക ഉയർത്തും

ഒട്ടാവ: ചരിത്രത്തില്‍ ആദ്യമായി സ്വാതന്ത്ര്യ ദിനാഘോഷങ്ങളുടെ ഭാഗമായി നയാഗ്ര വെള്ളച്ചാട്ടത്തില്‍ ഇന്ത്യന്‍ പതാക ഉയര്‍ത്തും. സ്വാതന്ത്ര്യ ദിനത്തിൽ നയാഗ്രയില്‍ ത്രിവർണപതാക ഉയരുന്നത്. നയാഗ്ര വെള്ളച്ചാട്ടത്തില്‍ ത്രിവര്‍ണ്ണപതാക ഉയര്‍ത്തുന്ന വിവരം ടൊറോന്റോയിലെ കോൺസൽ ജനറല്‍ അപൂര്‍വ ശ്രീവാസ്തവയാണ് അറിയിച്ചത്.
ആഗസ്റ്റ് 15 ന് വൈകിട്ടോടെയാകും നയാഗ്രയില്‍ ത്രിവർണ പതാക ഉയര്‍ത്തുക. ഒട്ടാവയിലെ ഇന്ത്യൻ സ്ഥാനപതിയുടെ ഓഫീസിലും ടൊറന്റോയിലെയും വാൻകൂവറിലെയും കോൺസുലേറ്റുകളിലും ത്രിവർണ പതാക ഉയർത്തും. കാനഡയിലെ ഏറ്റവും വലിയ നഗരമായ ടൊറന്റോയിലെ 553 മീറ്റര്‍ ഉയരമുള്ള സിഎന്‍ ടവറും സിറ്റിഹാളും ത്രിവർണമണിയും.
ഈ ആഴ്ച അവസാനിക്കുന്നതുവരെ ഇത് കണ്ടാസ്വദിക്കാനാകും. നയാഗ്രയിൽ നാളെ വൈകിട്ടാണ് ദേശീയ പതാക ഉയർത്തുക. സി എൻ ടവറിൽ ഞായറാഴ്ചയും.'ഈ സ്വാതന്ത്ര്യദിനത്തിൽ, നയാഗ്ര വെള്ളച്ചാട്ടം, സിഎൻ ടവർ എന്നിവ ഇന്ത്യൻ ത്രിവർണത്തിൽ പ്രകാശിക്കുമെന്നത് അഭിമാനകരമാണ്.' - ഇന്ത്യൻ കോൺസൽ ജനറൽ അപൂർവ ശ്രീവാസ്തവ പറഞ്ഞു.
എല്ലാവർഷവും ടൊറന്റോ, ഇന്ത്യൻ സമൂഹത്തിന്റെ ഇന്ത്യാ ഡേ പരേഡിന് സാക്ഷ്യം വഹിക്കാറുണ്ട്. കഴിഞ്ഞ വർഷം, ഡൗൺടൗൺ വേദിയിൽ 85,000ത്തോളം ജനങ്ങളാണ് തടിച്ചുകൂടിയത്. എന്നാൽ ഇത്തവണ കൊറോണ വൈറസ് വ്യാപനം സൃഷ്ടിച്ച പ്രതിസന്ധിയെത്തുടർന്ന് ധാരാളം ആളുകൾ ഒത്തുചേരുന്നത് നിരോധിച്ചിട്ടുണ്ട്. ഇതു കണക്കിലെടുത്ത് വെർച്വൽ പരിപാടിയായിരിക്കും ഇത്തവണ നടക്കുക. ഇത് തത്സമയം സംപ്രേഷണം ചെയ്യും.
ഇന്ത്യാ ഡേ പരേഡിൽ മുമ്പ് വിവിധ സംസ്ഥാനങ്ങളിൽ നിന്നും കമ്മ്യൂണിറ്റി ഗ്രൂപ്പുകളിൽ നിന്നുമുള്ള ഫ്ലോട്ടുകൾ ഉൾപ്പെട്ടിരുന്നുവെങ്കിലും, ഈ വർഷം, വെർച്വൽ പരേഡിന്റെ ഭാഗമായി ഇന്ത്യയുടെ വിവിധ ഭാഗങ്ങളിലെ സംസ്കാരവും പാചകരീതിയും ഉൾക്കൊള്ളുന്ന 10 മിനിറ്റ് വീഡിയോകളാകും പ്രദർശിപ്പിക്കുക.
സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് മറ്റൊരു വെർച്വൽ പരിപാടിയായ ടേസ്റ്റ് ഓഫ് ഇന്ത്യയും ഈ വർഷം സംഘടിപ്പിച്ചു. ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള പാചകരീതികളും സെലിബ്രിറ്റി ഷെഫുകളിൽ നിന്നുള്ള പാചകക്കുറിപ്പുകളും അവതരിപ്പിക്കുന്നതാണ് പരിപാടി.
സുരക്ഷാ ചട്ടങ്ങളും സാമൂഹിക അകലവും കണക്കിലെടുത്താണ് എല്ലാ പരിപാടികളും തയാറാക്കിയിരിക്കുന്നതെന്ന് ശ്രീവാസ്തവ പറഞ്ഞു. ഗ്രേറ്റർ ടൊറന്റോയിലെ ബ്രാംപ്ടണിൽ ഇന്ത്യയുടെ 74ാം സ്വാതന്ത്ര്യദിനത്തിന്റെ പ്രതീകമായി 74 വൃക്ഷ തൈകൾ നടും. തുടർന്ന് ഇന്ത്യൻ പതാക പ്രദർശിപ്പിക്കുന്ന കാർ റാലിയും നടക്കും.