എന്റെ കയ്യിലൂടെയാണ് അവൻ വഴുതിപ്പോയത്

ഇസ്താംബുൾ: 'ഞാൻ ഭാര്യയുടെ കൈപിടിച്ചു മക്കളെ ചേർത്തുനിൽക്കുകയായിരുന്നു. പക്ഷേ, അയ്‍ലാൻ എന്റെ കയ്യിലൂടെ വഴുതിപ്പോയി. ഞങ്ങൾ ചെറിയ ബോട്ടിലേക്കു മാറാൻ ശ്രമിച്ചു. പക്ഷേ, പരാജയപ്പെട്ടു. ഇരുട്ടത്ത് എല്ലാവരും നിലവിളിക്കുകയായിരുന്നു, 'ഇനിയാര്‍ക്കും ഇത്തരം അനുഭവങ്ങള്‍ ഉണ്ടാകരുത്. ഇത് അവസാനത്തേതാകണം. ഈ സംഭവത്തിന് നേരെ ലോകത്തിന്റെ മുഴുവന്‍ ശ്രദ്ധ ഞാന്‍ ക്ഷണിക്കുന്നു. - ലോകത്തിന്റെ നൊമ്പരമായി മാറിയ അയ്‍ലാന്റെ പിതാവ് അബ്ദുല്ല കുർദിയുടെ വാക്കുകളാണിത്.
കഴിഞ്ഞ ദിവസം തുർക്കിയിൽനിന്നു ഗ്രീസിലേക്കുള്ള യാത്രാമധ്യേ മുങ്ങിയ കുടിയേറ്റ ബോട്ടിലെ രണ്ടു പിഞ്ചു ബാലന്മാരുടെ മൃതദേഹമാണ് ലോകത്തിന്റെ നൊമ്പരമായത്. അഭയാർഥികളുടെ പ്രശ്നങ്ങളും ഭീകരമായ അവസ്ഥയും ലോകത്തിനു മുന്നിൽ തുറന്നു കാണിക്കുന്നതായിരുന്നു കടൽ തീരത്ത് മരണത്തെ ചുംബിച്ചു കിടക്കുന്ന മൂന്നു വയസുകാരൻ അയ്‍ലാന്റെ ചിത്രം. കുഞ്ഞു ടീഷർട്ടും ഷോർട്സും ഷൂസും ധരിച്ച്, ലൈഫ് ജാക്കറ്റ് ഇല്ലാതെ, കടലിൽ അയ്‌ലാനും സഹോദരനും മുങ്ങിത്താണു. അപകടത്തിൽ അയ്‍ലാനും സഹോദരൻ ഗാലിപും അമ്മയും ഉൾപ്പെടെ സിറിയൻ അഭയാർഥികളായ 13 പേരാണു മരിച്ചത്.
നേരത്തെ അഭയം നിഷേധിച്ച കാനഡ ഇപ്പോള്‍ അബ്ദുള്ളയെ രാജ്യത്തേക്ക് ക്ഷണിച്ചെങ്കിലും സിറിയയിലേക്കു തിരിച്ച് പോകാനാണ് അബ്ദുള്ളയുടെ തീരുമാനം. ഭാര്യയെയും കുടുംബത്തെയും നാട്ടില്‍ സംസ്കരിച്ച് അവിടെ തന്നെ കഴിയാനാണ് ഇഷ്ട്ടമെന്ന് അബ്ദുള്ള പറഞ്ഞു.