എന്‍.വി. ബാലകൃഷ്ണന്റെ പുസ്തകപ്രകാശനത്തിന് വി.എസ്. എത്തുന്നു


കൊയിലാണ്ടി: ഫോർ പി എം ന്യൂസിൽ പാർ‍ട്ടിക്കെതിരെ ലേഖനം പ്രസിദ്ധീകരിച്ചു എന്നതിന്റെ പേരിൽ സിപിഎമ്മിൽ നിന്നും സസ്‌പെൻഡ് ചെയ്യപ്പെട്ടിരുന്ന കൊയിലാണ്ടിയിലെ മുൻ ഏരിയാ സെക്രട്ടറി കൂടിയായ എൻ. വി.ബാലകൃഷ്ണന്റെ പുസ്തക പ്രകാശനത്തിന് പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദൻ എത്തുന്നു. “മതം, ലൈംഗികത, മൂലധനം, പരിസ്ഥിതി’ എന്ന  പുസ്തകപ്രകാശനത്തിനാണ് സെപ്തംബർ ആറിന് വൈകീട്ട് നാലിന് കൊയിലാണ്ടി സ്റ്റേഡിയത്തിൽ വിഎസ് എത്തുന്നത്. നേരത്തേ 2014 ഫെബ്രവരി ഏഴിന് കോടിയേരി ബാലകൃഷ്ണനെ കൊണ്ട് പ്രകാശനം ചെയ്യാൻ നിശ്ചയിച്ചിരുന്ന പുസ്തകമാണ് ഇപ്പോൾ വി.എസ് പ്രകാശനം ചെയ്യുന്നത്. അന്ന് പാർട്ടി നടപടി നേരിടുന്ന ബാലകൃഷ്ണന്റെ പുസ്തകപ്രകാശന കർമ്മത്തിൽ നിന്നും കോടിയേരിയെ ഔദ്യോഗിക നേതൃത്വം വിലക്കുകയായിരുന്നു.  

എൻ.വി. ബാലകൃഷ്ണനെ സസ്പന്റ് ചെയ്തതിനെ തുടർന്ന് ഭാര്യയും കൊയിലാണ്ടി മുനിസിപ്പൽ ചെയർപേഴ്സണുമായ കെ.ശാന്ത രാജിക്കൊരുങ്ങിയത് സിപിഎമ്മിനെ നേരത്തേ പ്രതിസന്ധിയിലാക്കിയിരുന്നു. പിന്നീട് പാർട്ടിയുടെ ഉന്നത നേതാക്കൾ ഇടപ്പെട്ട് പ്രശ്‌നങ്ങൾ പരിഹരിക്കാമെന്ന് ഉറപ്പുനല്‍കിയതിനെ തുടർന്ന് രാജിതീരുമാനത്തിൽ നിന്നും ഇവർ പിന്മാറുകയായിരുന്നു. ഇതിന് ശേഷം എൻ.വിയുടെ സസ്‌പെൻ‍ഷൻ‍ നടപടി പിൻവലിച്ചതിനെ തുടർന്ന് കുറുവങ്ങാട് ബ്രാഞ്ചിലേക്ക് തരം താഴ്ത്തി.  എങ്കിലും ഈ വിവാദങ്ങൾക്ക് ശേഷവും ഔദ്യോഗിക പക്ഷത്തുള്ളവർ ഇപ്പോഴും അദ്ദേഹത്തോട് ശത്രുത വെച്ചുപുലർത്തുന്നുണ്ട് എന്നാണ് അറിയാൻ കഴിയുന്നത്.  അതു കൊണ്ട് തന്നെ പുസ്തകപ്രകാശനത്തിന് വിഎസ് എത്തുന്നത് ഔദ്യോഗികവിഭാഗത്തിന് കനത്ത തിരിച്ചടിയാകുമെന്നാണ് നിരീക്ഷരുടെ അഭിപ്രായം. മികച്ച വാഗ്മിയും സംഘാടകനുമായ എൻ.വി ബാലകൃഷ്ണൻ നേരത്തേ ഏരിയാ സെക്രട്ടറിയായിരുന്നപ്പോൾ ഏരിയാകമ്മറ്റി ഓഫീസ് ഉദ്ഘാടനത്തിനും പാർ‍ട്ടി കോൺ‍ഗ്രസിന്റെ പരിപാടിക്കും വിഎസ് കൊയിലാണ്ടിയിൽ എത്തിയിരുന്നു.    

ചടങ്ങിലേക്ക് ഇപ്പോഴത്തെ ഏരിയാ സെക്രട്ടറിയും എംഎൽഎയുമായ കെ.ദാസനെയും മുൻ എംഎൽഎ വിശ്വനെയും ക്ഷണിച്ചിട്ടുണ്ട്. സെപ്തംബർ ആറിന് നടക്കുന്ന പ്രകാശന ചടങ്ങിൽ വിഎസിൽ‍ നിന്നും പുസ്തകം ഏറ്റുവാങ്ങുന്നത് മുൻ മന്ത്രിയും എഴുത്തുകാരനുമായ ബിനോയ് വിശ്വമാണ്. സിനിമാതാരം അനൂപ് ചന്ദ്രൻ പുസ്തക പരിചയം നടത്തും. ചടങ്ങിൽ വിവിധ കക്ഷി നേതാക്കളെയും ക്ഷണിച്ചിട്ടുണ്ട്. ബിജെപിയുടെ സംസ്ഥാന വൈസ് പ്രസിഡന്റ് എം.ടി.രമേശ്, കെ.എൻ.എ. ഖാദർ എം.എൽ.എ., സി.പി.എം. ജില്ലാ സെക്രട്ടറി പി. മോഹനൻ, അഡ്വ. കെ. പ്രവീൺകുമാർ തുടങ്ങിയവരും പങ്കെടുക്കും. കല്‍പ്പറ്റ നാരായണൻ അധ്യക്ഷത വഹിക്കും. 

തദ്ദേശഭരണ തെരഞ്ഞെടുപ്പ് അടുത്തുവരുന്ന സാഹചര്യത്തിൽ പുസ്തകപ്രകാശന പരിപാടി മറ്റൊരു വിവാദത്തിന് തിരി കൊളുത്തുമോ എന്നാണ് കാത്തിരുന്നു കാണേണ്ടത്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed