ശിശുമരണ നിരക്ക് വൻതോതിൽ വർദ്ധിക്കാൻ കോവിഡ് കാരണമാകുമെന്ന് ലോകാരോഗ്യ സംഘടന
ന്യൂയോർക്ക് : വികസ്വര രാജ്യങ്ങളിൽ വർദ്ധിച്ചുവരുന്ന കോവിഡ് ബാധ വൻതോതിൽ ശൈശവ മരണ നിരക്ക് കൂട്ടുമെന്ന് ലോകാരോഗ്യ സംഘടന. രോഗവ്യാപനം കൂടിയ മേഖലകളിലെ സ്ത്രീകളിലൂടെ രോഗം ഗർഭസ്ഥ ശിശുവിനെ ബാധിക്കുകയും പ്രസവത്തിൽ തന്നെ കുട്ടികൾ മരണപ്പെടുന്നതിനും ഇടയാക്കുമെന്നും ഇക്കാര്യത്തിൽ ആരോഗ്യ വിദഗ്ധർക്ക് ആശങ്കയുണ്ടെന്നും ലോകാരോഗ്യ സംഘടനാ മേധാവി പറഞ്ഞു.
വികസ്വര രാജ്യങ്ങളിൽ ആരോഗ്യ സേവനങ്ങൾ ലഭ്യമാക്കാൻ പാടുപെടുന്ന ആളുകളെക്കുറിച്ചാണ് ആശങ്ക കൂടുതൽ. സ്ത്രീകൾ, കുട്ടികൾ, കൗമാരക്കാർ എന്നിവരിൽ കോവിഡ് ഉണ്ടാക്കുന്ന ആഘാതത്തെക്കുറിച്ച് ലോകാരോഗ്യ സംഘടന പ്രത്യേകിച്ചും ആശങ്കാകുലരാണെന്ന് സെക്രട്ടറി ജനറൽ ടെഡ്രോസ് അദാനോം ഗെബ്രിയേസസ് വെള്ളിയാഴ്ച പത്രസമ്മേളനത്തിൽ പറഞ്ഞു. മഹാമാരി പല രാജ്യങ്ങളിലെയും ആരോഗ്യ സംവിധാനങ്ങളെ ബാധിച്ചിട്ടുണ്ടെന്നും ഗർഭിണികൾ അപകടാവസ്ഥയിലാണെന്നും പ്രസവത്തിൽ തന്നെ കുഞ്ഞുങ്ങൾ മരിക്കാനുള്ള സാധ്യത വളരെ കൂടുതലാണെന്നും ടെഡ്രോസ് പറഞ്ഞു.

