സഞ്ചാരികൾക്കായി രാജ്യാതിർത്തികൾ തുറന്ന് ഇറ്റലി

റോം: യൂറോപ്പിൽ നിന്നുള്ള സഞ്ചാരികൾക്കായി രാജ്യാതിർത്തികൾ തുറന്ന് ഇറ്റലി. രാജ്യത്തെ സാന്പത്തിക സ്ഥിതി പിടിച്ച് നിർത്താൻ വേണ്ടിയാണ് നീക്കം. രാജ്യത്തേക്ക് എത്തുന്ന യൂറോപ്പിൽ നിന്നുള്ള സഞ്ചാരികൾക്ക് ക്വാറന്‍റൈൻ പാലിക്കേണ്ടതില്ലെന്നും രാജ്യത്ത് എവിടേയും ഇവർക്ക് സന്ദർശിക്കാമെന്നും വിശദമാക്കിയാണ് അതിർത്തികൾ ഇറ്റലി തുറക്കുന്നത്.
ആളുകളുടെ മനസിലുള്ള ഭയമാണ് ഇനി അകലാനുള്ളത്. രാജ്യത്ത് കൊവിഡ് 19 അതിവേഗം വ്യാപിച്ച് നിരവധിപ്പേർക്ക് ജീവൻ നഷ്ടമായ സാഹചര്യത്തിൽ വളരെ സാവധാനമാണ് യൂറോപ്പിൽ നിന്നുള്ള സഞ്ചാരികൾ ഇറ്റലിയുടെ തീരുമാനത്തെ സമീപിക്കുന്നത്. ആഗോളതലത്തിൽ കൊവിഡ് 19 ഹോട്ട്സ്പോട്ടായതോടെയാണ് ഇറ്റലി രാജ്യവ്യാപകമായി മാർച്ച് മാസത്തിൽ ലോക്ക്ഡൗൺ ഏർപ്പെടുത്തിയത്. അതിഭീകരമായി സാന്പത്തിക മാന്ദ്യം ബാധിച്ചിരിക്കുകയാണ് ഇറ്റലിയിൽ. 33500 പേരാണ് ഇറ്റലിയിൽ കൊവിഡ് 19 ബാധിച്ച് മരിച്ചത്. ലോകത്ത് കൊവിഡ് 19 മരണസംഖ്യയിൽ മൂന്നാമതുള്ള രാജ്യമാണ് ഇറ്റലി.