ഓക്സോഫോഡ് സർവ്വകലാശാല വികസിപ്പിച്ച കൊവിഡ് വാക്സിന്റെ പരീക്ഷണം കുരങ്ങുകളിൽ ഫലപ്രദമെന്ന് റിപ്പോർട്ട്

ലണ്ടൻ: ഓക്സോഫോഡ് സർവ്വകലാശാല വികസിപ്പിച്ച കൊവിഡ് വാക്സിൻ കുരങ്ങുകളിൽ ഫലപ്രദമെന്ന് പഠന റിപ്പോർട്ട്. ആറ് കുരങ്ങുകളിൽ നടത്തിയ പരീക്ഷണം വിജയിച്ചതിന്റെ അടിസ്ഥാനത്തിൽ മനുഷ്യരിൽ വാക്സിൻ പരീക്ഷണം നടത്താനൊരുങ്ങുകയാണ് ഓക്സ്ഫോഡ് സർവ്വകലാശാല. അതേസമയം, വിദഗ്ദ്ധരായ ശാസത്രജ്ഞർ ആഴത്തിൽ ഈ പഠനവുമായി ബന്ധപ്പെട്ട അവലോകനങ്ങൾ ഇതുവരെ നടത്തിയിട്ടില്ല.
ഒറ്റ ഷോട്ട് വാക്സിൻ നൽകിയ ചില കുരങ്ങുകൾ 14 ദിവസത്തിനുള്ളിൽ വൈറസിനെതിരെ ആന്റി ബോഡികൾ വികസിപ്പിച്ചതായും 28 ദിവസത്തിനുള്ളിൽ എല്ലാ സുരക്ഷിത ആന്റിബോഡികളും വികസിപ്പിച്ചതായും പഠന റിപ്പോർട്ടിൽ പറയുന്നുണ്ട്. വാക്സിൻ കുരങ്ങുകളുടെ ശ്വാസകോശത്തിനുണ്ടാകുമായിരുന്ന പരുക്കുകൾ തടഞ്ഞെന്നും റിപ്പോർട്ടിൽ പറയുന്നു.
ഓക്സ്ഫോഡ് വാക്സിൻ ഗ്രൂപ്പ് ഗവേഷകരുമായും ജന്നറ്റ് ഗ്രൂപ്പുമായും ചേർന്ന് ഗവേഷണം നടത്തുന്നതിനെക്കുറിച്ച് ബ്രിട്ടീഷ് മരുന്ന് നിർമാതാവായ ആസ്ട്രോസെനേക്ക കഴിഞ്ഞ മാസം അറിയിച്ചിരുന്നു.
കുരങ്ങുകളിലെ പഠനം വിജയിച്ചത് തീർച്ചയായും നല്ല വാർത്തയാണന്നാണ് ലണ്ടൻ സ്‌കൂൾ ഓഫ് ഹൈജീനിൻ ആൻഡ് ട്രോപ്പിക്കൽ മെഡിസിൻ ഫാർമകോപിഡെമിയോളജി പ്രൊഫസർ സ്റ്റീഫൻ ഇവാൻ പറയുന്നത്. എന്നാൽ, കുരങ്ങുകളിൽ പരീക്ഷിച്ച് വിജയിച്ച പല വാക്സിനുകളും മനുഷ്യരിൽ പരാജയമായിരുന്നുവെന്നൊരു വസ്തുതയും നിലനിൽക്കുന്നുണ്ട്. ലോക വ്യാപകമായി നൂറിലധികം കേന്ദ്രങ്ങളിൽ കൊവിഡ് വാക്സിൻ വികസിപ്പിക്കുന്നതിന്റെ പരീക്ഷണങ്ങൾ നടന്നു വരികയാണ്.