ജനങ്ങള്‍ സഹകരിച്ചില്ലെങ്കില്‍ വരുന്നത് ഏറ്റവും മോശമായ ദിനങ്ങൾ: ഇമ്രാൻ ഖാൻ

ഇസ്ലാമാബാദ്: വരുംദിനങ്ങളിൽ കോവിഡ് −19 രോഗബാധ പാകിസ്താനിൽ വ്യാപകമായി പടർന്നു പിടിക്കുന്ന സാഹചര്യമുണ്ടാകുമെന്ന് പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാൻ. ജനങ്ങൾ സമൂഹ്യ അകലം പാലിക്കണമെന്നും വൈറസ് വ്യാപനം തടയാനുള്ള മുൻകരുതലുകൾ സ്വീകരിക്കണമെന്നും അദ്ദേഹം അഭ്യർഥിച്ചു.
ആളുകൾ മരിക്കുന്നത് കുറവായതുകൊണ്ട് രാജ്യത്ത് കോവിഡ് ബാധ വളരെ പതുക്കെയാണ് പടരുന്നതെന്ന വിചാരം തെറ്റാണ്. വൈറസ് വളരെ വേഗം പടർന്നുപിടിക്കാം. വരും ദിനങ്ങളിൽ സാഹചര്യം ഇതിലും വഷളാകുമെന്നും ഇമ്രാൻ ഖാൻ നടത്തിയ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
നിയന്ത്രണങ്ങൾ പാലിച്ചില്ലെങ്കിൽ യൂറോപ്പിലും അമേരിക്കയിലും സംഭവിച്ചതുപോലെ നമുക്കും പ്രശ്നങ്ങൾ ഉണ്ടാകും. ലോക്ക് ഡൗൺ കൊണ്ടുമാത്രം ഇതിന് പരിഹാരം കാണാൻ സാധിക്കില്ല, ജനങ്ങൾ സമൂഹ്യ അകലം പാലിക്കുക കൂടി വേണമെന്നും പോലീസും ഭരണകൂടവും ജനങ്ങളെ വീട്ടിൽ തന്നെ കഴിയാൻ നിർബന്ധിതരാക്കണമെന്നും അദ്ദേഹം പറഞ്ഞു.
പാകിസ്താന്റെ സാഹചര്യം കണക്കിലെടുത്ത് രാജ്യം മുഴുവൻ ലോക്ക്ഡൗൺ പ്രാവർത്തികമല്ല. ജനങ്ങൾ സ്വയം നിയന്ത്രണങ്ങൾ പാലിക്കുകയാണ് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു. പാകിസ്താനിലെ നിലവിലെ കണക്കുകൾ പ്രകാരം 4,409 പേർക്കാണ് രോഗം സ്ഥിരീകരിച്ചിട്ടുള്ളത്. ഇവരിൽ 64 പേർ ഇതുവരെ മരിച്ചു. പഞ്ചാബ്, സിന്ധ് പ്രവിശ്യകളിലാണ് രോഗബാധിതർ ഏറെയുള്ളത്.