മതനിന്ദ ആരോപിച്ചു യൂണിവേഴ്സിറ്റി പ്രഫസർക്ക് പാക്കിസ്ഥാനിൽ തൂക്കുകയർ

ലാഹോർ: മതനിന്ദ ആരോപിച്ചു യൂണിവേഴ്സിറ്റി പ്രഫസർക്കു പാക്കിസ്ഥാനിൽ തൂക്കുകയർ. സമൂഹമാധ്യമത്തിൽ മുഹമ്മദ് നബിക്കെതിരെ അപകീർത്തികരമായ പരാമർശം നടത്തി എന്നാരോപിച്ചു ജുനൈദ് ഹഫീസ് (33) എന്ന അദ്ധ്യാപകനെയാണു കോടതി വധശിക്ഷയ്ക്കു വിധിച്ചത്. 2013 മാർച്ചിലാണ് കേസുമായി ബന്ധപ്പെട്ട് ജുനൈദ് അറസ്റ്റിലാകുന്നത്. യാഥാസ്ഥിതിക മുസ്ലിം ഭൂരിപക്ഷ രാജ്യമായ പാക്കിസ്ഥാനിൽ മതനിന്ദ വധശിക്ഷ വരെ അർഹിക്കുന്ന കുറ്റമാണ്. തെളിയിക്കപ്പെടാത്ത ആരോപണങ്ങളുടെ അടിസ്ഥാനത്തിൽ പോലും ജനങ്ങൾ തെരുവിലിറങ്ങി ആൾക്കൂട്ട കൊലപാതകങ്ങൾ നടത്തിയിട്ടുണ്ട്. ന്യൂനപക്ഷങ്ങളെയും ലിബറലുകളെയും ലക്ഷ്യംവയ്ക്കാൻ ഭരണകൂടം ഉപയോഗിക്കുന്ന നിയമത്തിന്‍റെ അടിസ്ഥാനത്തിലാണ് അദ്ധ്യാപകനു വധശിക്ഷ വിധിച്ചത്. മുൾട്ടാനിലെ കോടതിയിലാണ് ഹഫീസിന്‍റെ ശിക്ഷ പ്രഖ്യാപിച്ചത്.
അറസ്റ്റിലായ സമയത്ത് ജുനൈദ് ഇവിടുത്തെ യൂണിവേഴ്സിറ്റിയിൽ അദ്ധ്യാപകനായിരുന്നു. ജുനൈദിന്‍റെ ശിക്ഷ ഏറ്റവും നിർഭാഗ്യകരമാണെന്ന് അദ്ദേഹത്തിന്‍റെ അഭിഭാഷകൻ ആസാദ് ജമാൽ പ്രതികരിച്ചു. വിധിക്കെതിരേ അപ്പീൽ നൽകുമെന്നും ജമാൽ എഎഫ്പിയോടു പറഞ്ഞു. 2014−ൽ വിചാരണയ്ക്കിടെ ഹഫീസിന്‍റെ അഭിഭാഷകൻ കൊല്ലപ്പെട്ടിരുന്നു. നിരവധി വധഭീഷണികൾക്കു ശേഷമായിരുന്നു കൊലപാതകം. അന്താരാഷ്ട്ര മതസ്വാതന്ത്ര്യത്തിനായുള്ള യുഎസ് കമ്മീഷന്‍റെ 2018−ലെ കണക്കനുസരിച്ചു 40 പേരാണു മതനിന്ദ ആരോപിച്ചു പാക്കിസ്ഥാനിൽ വധശിക്ഷയ്ക്കു വിധിക്കപ്പെട്ടിട്ടുള്ളത്.