മുല്ലപ്പള്ളിയുടെ നിലപാട് സങ്കുചിതം, പൗരത്വ ഭേദഗതി നിയമത്തിനെതിരെ ഭരണ-പ്രതിപക്ഷം ഒരുമിച്ച് നിൽക്കണമെന്ന് സിപിഎം

തിരുവനന്തപുരം: പൗരത്വ ഭേദഗതി നിയമത്തിനെതിരെഭരണ-പ്രതിപക്ഷം ഒരുമിച്ച് നിൽക്കണമെന്നു തന്നെയാണു നിലപാടെന്നു സിപിഎം. സിപിഎം സംസ്ഥാന കമ്മിറ്റി പുറത്തിറക്കിയ പത്രക്കുറിപ്പിലാണ് ഈ വിമർശനം. യുഡിഎഫ്−എൽഡിഎഫ് സംയുക്ത പ്രക്ഷോഭത്തിന് ആഹ്വാനം ചെയ്ത സംസ്ഥാന കമ്മിറ്റി, സംയുക്ത പ്രക്ഷോഭത്തെ എതിർത്ത മുല്ലപ്പള്ളിയുടെ നിലപാട് സങ്കുചിതമെന്നും കുറ്റപ്പെടുത്തി. മതനിരപേക്ഷ ജനകീയ പ്രക്ഷോഭത്തിന്‍റെ ഭാഗമാവുകയാണ് വേണ്ടത്. ആ യാഥാർത്ഥ്യം എല്ലാവരും തിരിച്ചറിയണം. ഈ കാഴ്ചപ്പാടോടെയാണ് മുഖ്യമന്ത്രിയും പ്രതിപക്ഷനേതാവും മറ്റു നേതാക്കളും സംയുക്ത സത്യാഗ്രഹം സംഘടിപ്പിച്ചത്. കേരളീയ സമൂഹത്തിന് മാത്രമല്ല ഇന്ത്യൻ ജനതയ്ക്കും ഇതു വലിയ പ്രതീക്ഷയാണ് നൽകിയതെന്നു പത്രക്കുറിപ്പിൽ ചൂണ്ടിക്കാട്ടി. ഇതിൽ പ്രതിപക്ഷ നേതാവ്, മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി, മുസ്ലിംലീഗ് നേതൃത്വം തുടങ്ങിയവരുടെ നിലപാട് ശ്രദ്ധേയമാണ്. മറ്റു പല കാര്യങ്ങളിലും അഭിപ്രായ വ്യത്യാസങ്ങൾ നിലവിലുണ്ടെങ്കിലും ഇന്നത്തെ സാഹചര്യത്തിൽ രാജ്യത്തേയും ഭരണഘടനയേയും സംരക്ഷിക്കുന്നതിനായുള്ള അടിയന്തര ചുമതല നിർവ്വഹിക്കുന്നതിൽ എല്ലാവരും കൈകോർക്കുകയാണ് വേണ്ടതെന്നു സംസ്ഥാന കമ്മിറ്റി പത്രക്കുറിപ്പിൽ ചൂണ്ടിക്കാട്ടി. ഇത്രയും ഗൗരവമായ സാഹചര്യത്തിൽ കെപിസിസി പ്രസിഡന്‍റിന്‍റെ നേതൃത്വത്തിൽ ഒരു വിഭാഗം പ്രകടിപ്പിക്കുന്നത് ഖേദകരമാണ്. ശബരിമല പ്രശ്നത്തിൽ സുപ്രീംകോടതി വിധിക്കെതിരെ ആർ.എസ്.എസ്സുമായി യോജിച്ച് കർമ്മസമിതിയിൽ പ്രവർത്തിക്കാൻ മടിയില്ലാതിരുന്ന മുല്ലപ്പള്ളി രാമചന്ദ്രൻ ഇന്ത്യയെ നിലനിർത്താനുള്ള വിശാല പോരാട്ടത്തിന് സിപിഎമ്മുമായി യോജിച്ച് പ്രവർത്തിക്കാൻ കഴിയില്ലെന്ന് പറയുന്നത് സങ്കുചിതമാണ്. യോജിച്ച പ്രക്ഷോഭങ്ങളിൽ എല്ലാവരും ഇനിയും ഒരുമിച്ച് നിൽക്കണമെന്നു തന്നെയാണ് സിപിഎമ്മിന്‍റെ നിലപാടെന്നും പത്രക്കുറിപ്പിൽ ചൂണ്ടിക്കാട്ടി.