അഫ്ഗാനിസ്ഥാന് ഇന്ത്യ നൽകുന്ന പിന്തുണ തുടരണമെന്ന് അമേരിക്ക
വാഷിങ്ടൺ: അഫ്ഗാനിസ്ഥാന് ഇന്ത്യ നൽകുന്ന പിന്തുണ തുടരണമെന്ന് അമേരിക്ക. അഫ്ഗാനിൽ നിന്ന് അമേരിക്ക സേനയെ പിൻവലിക്കാൻ ശ്രമിച്ചുകൊണ്ടിരിക്കുന്നതിനിടെയാണ് ഇന്ത്യയുടെ ഇടപെടൽ തുടരണമെന്ന പ്രസ്താവനയുമായി അമേരിക്ക രംഗത്തുവന്നത്.
അഫ്ഗാനിസ്ഥാനിലെ ജനാധിപത്യ സർക്കാരിന് വലിയ പിന്തുണയാണ് ഇന്ത്യ കാലങ്ങളായി നൽകി വരുന്നത്. 2001 ൽ അമേരിക്കൻ സഖ്യസേന താലിബാൻ ഭരണകൂടത്തെ പുറത്താക്കിയത് മുതൽ 300 കോടി ഡോളറിലേറെ ഇന്ത്യ അവിടെ ചിലവാക്കിയിട്ടുണ്ട്. അഫ്ഗാനിസ്താനിലെ പുതിയ പാർലമെന്റ് കെട്ടിടം നിർമ്മിച്ചതും ഇന്ത്യയാണ്.
അഫ്ഗാനിസ്ഥാനിൽ ഇന്ത്യ നൽകുന്ന സാമ്പത്തിക പിന്തുണയും സഹായവും അമേരിക്ക സ്വാഗതം ചെയ്യുന്നു. ആ നയങ്ങൾ തുടരുന്നതിനെ ഞങ്ങൾ പിന്തുണക്കുകയും ചെയ്യുന്നുവെന്നാണ് അമേരിക്കയുടെ പ്രതിരോധ വകുപ്പ് പ്രതിനിധി നാൻസി ഇസ്സോ ജാക്സൺ വ്യക്തമാക്കിയത്. അഫ്ഗാനിസ്താനിൽ നിന്നും സേനയെ ഘട്ടം ഘട്ടമായി പിന്തുണക്കാൻ നേരത്തേ തീരുമാനിച്ചിരുന്നെങ്കിലും അടുത്ത കാലത്ത് ട്രംപ് നിലപാട് കടുപ്പിച്ചു തുടങ്ങിയിട്ടുണ്ട്. അടുത്തിടെ വാഷിങ്ടണിൽ താലിബാൻ ദൂതനുമായി നടത്താനിരുന്ന ചർച്ച ട്രംപ് ഭരണകൂടം വേണ്ടെന്നു വെച്ചിരുന്നു. അഫ്ഗാനിസ്ഥാനിൽ അമേരിക്കൻ പട്ടാളക്കാരൻ കൊല്ലപ്പെട്ട സാഹചര്യത്തിലായിരുന്നു അത്.

