ജി.എസ്.ടി : കോംപോസിഷൻ സ്കീം ഒന്നരക്കോടി രൂപയായി ഉയർത്തും

ന്യൂഡൽഹി : ചരക്കു സേവന നികുതി (ജി.എസ്.ടി)യിലെ കോംപോസിഷൻ സ്കീമിൽ ചേരാനുള്ള വിറ്റുവരവ് പരിധി പ്രതിവർഷം ഒന്നരക്കോടി രൂപയായി ഉയർത്തും. ഇപ്പോൾ ഒരു കോടി രൂപവരെ വിറ്റുവരവുള്ളവർക്ക് മാത്രമാണു കോംപോസിഷൻ സ്കീം. ഇതടക്കം നിരവധി മാറ്റങ്ങൾ ജി.എസ്.ടി നിയമത്തിൽ വരുത്തും. പാർലമെന്റിന്റെ വർഷകാല സമ്മേളനത്തിൽ ഭേദഗതികൾ അവതരിപ്പിച്ചു പാസാക്കാനാണു നീക്കം. 20 ലക്ഷം രൂപയിൽ താഴെ വിറ്റുവരവുള്ള ഇ കൊമേഴ്സ് കന്പനികളെ രജിസ്ട്രേഷനിൽനിന്ന് ഒഴിവാക്കുകയും ചെയ്യും.
തൊഴിലാളികൾക്കും ജീവനക്കാർക്കും ഭക്ഷണം, ആരോഗ്യസേവനം, യാത്രാ ആനുകൂല്യം എന്നിവ നൽകാൻ ബാധ്യസ്ഥമായ കന്പനികൾക്ക് അവയുടെ പേരിൽ നികുതി ആനുകൂല്യം നൽകാനുള്ള ഭേദഗതിയും കൊണ്ടുവരും. ഇതിനു ചെലവാകുന്ന തുകയ്ക്ക് ഇൻപുട്ട് ടാക്സ് ക്രെഡിറ്റ് എടുക്കാൻ അനുവദിക്കും. നഴ്സുമാർ, സെക്യൂരിറ്റി ഗാർഡുമാർ, രാത്രി ജോലി വേണ്ടിവരുന്ന സ്ത്രീകൾ, ദിവസക്കൂലിക്കാർ തുടങ്ങിയവർക്കൊക്കെ നൽകുന്ന ആനുകൂല്യങ്ങളാണ് ഇങ്ങനെ നികുതി ഇളവിന് അർഹമാകുക. നഴ്സുമാർക്കുവേണ്ടി അടയ്ക്കുന്ന മെഡിക്കൽ ഇൻഷ്വറൻസ് പ്രീമിയം, തൊഴിലാളികൾക്കുള്ള കാന്റീനുവേണ്ട ചെലവ്, സെക്യൂരിറ്റി ഗാർഡുമാർക്കുള്ള ലൈഫ് ഇൻഷ്വറൻസിന്റെ പ്രീമിയം തുടങ്ങിയവയൊക്കെ ഇപ്രകാരം ഇൻപുട്ട് ടാക്സ് ക്രെഡിറ്റിന് അർഹമാകും. സ്ത്രീജീവനക്കാരെ താമസിക്കുന്ന സ്ഥലത്തു വാഹനത്തിൽ എത്തിക്കാൻ ചെലവാകുന്ന തുകയും ഇതിന് അർഹമാകും.
റിവേഴ്സ് ചാർജ് മെക്കാനിസം (ആർ.സി.എം) ഏതെങ്കിലും ഒരു വിഭാഗത്തിനു മാത്രമായി ഏർപ്പെടുത്താൻ ഗവൺമെന്റിന് അധികാരം നൽകുന്ന ഭേദഗതിയും കൊണ്ടുവരും. രജിസ്റ്റർ ചെയ്യാത്തവരിൽനിന്നു സാധനങ്ങൾ വാങ്ങുന്ന രജിേസ്റ്റർഡ് വ്യാപാരിയും വ്യവസായിയും ജി.എസ്.ടി അടയ്ക്കുന്ന വിധം കൊണ്ടുവന്ന റിവേഴ്സ് ചാർജ് സംവിധാനം പ്രായോഗികമായി ഇല്ലാതാകുകയും ചെയ്യും.