പാർലമെന്റിന്റെ സുഗമമായ പ്രവർത്തനത്തിന് സഹകരിക്കണമെന്ന് സുമിത്രാ മഹാജൻ

ന്യൂഡൽഹി : പാർലമെന്റിന്റെ സുഗമമായ പ്രവർത്തനത്തിന് സഹകരിക്കണം എന്നാവശ്യപ്പെട്ട് എം.പിമാർക്ക് ലോക്സഭ സ്പീക്കർ സുമിത്ര മഹാജനിന്റെ കത്ത്. പാർലമെന്റിന്റെ മഴക്കാല സമ്മേളനം ആരംഭിക്കാൻ ദിവസങ്ങൾ മാത്രം ബാക്കി നിൽക്കേയാണ് സമാധാനം തേടി ലോക്സഭ സ്പീക്കർ അംഗങ്ങൾക്ക് കത്തയച്ചിരിക്കുന്നത്. മുൻകാലങ്ങളിൽ വിവിധ കക്ഷികളിൽ പെട്ടവർ ബഹളുമുണ്ടാക്കിയിട്ടുണ്ടെ ന്ന് ന്യായീകരണം ചൂണ്ടിക്കാട്ടി തുടർച്ചയായ പാർലമെന്റ് സ്തംഭനങ്ങളെ ന്യായീകരിക്കരുതെന്നും എം.പിമാർക്കയച്ച വൈകാരികമായ എഴുത്തിൽ സുമിത്ര മഹാജൻ അവശ്യപ്പെട്ടു.
ജൂലൈ 18 മുതൽ ആഗസ്ത് 10 വരെയാണ് പാർലമെന്റിന്റെ വർഷകാല സമ്മേളനം. സഭയുടെ സുഗമമായ നടത്തിപ്പ് ഉറപ്പ് വരുത്തേണ്ടത് എം.പിമാരുടെ ധാർമ്മികമായ ഉത്തരവാദിത്തമാണ്. പാർലമെന്റിന്റെയും ജനാധിപത്യത്തിന്റെയും യഥാർത്ഥ പ്രതിച്ഛായ വെളിപ്പെടുത്തേണ്ട തിന്റെ ഉചിതമായ സമയം ഇതാണ്. ജനാധിപത്യത്തിന്റെ ശ്രീകോവിലായ പാർലമെന്റിന്റെ അന്തസും ബഹുമാനവും ഉയർത്തിപ്പിടിക്കേണ്ടത് എല്ലാവരുടെയും കൂട്ടായ ഉത്തരവാദിത്തമാണെന്നും എം.പിമാർക്കെഴുതിയ രണ്ടു പേജുള്ള കത്തിൽ സ്പീക്കർ വ്യക്തമാക്കുന്നു.