തനിക്കെതിരായ കേസ് റദ്ദാക്കണമെന്ന് ആവശ്യം : ഗവാസ്ക്കർ ഹൈക്കോടതിയിൽ

കൊച്ചി : എ.ഡി.ജി.പിയുടെ മകളുടെ മർദ്ദനമേറ്റ പോലീസ് ഡ്രൈവർ ഗവാസ്ക്കർ ഹൈക്കോടതിയിൽ. എ.ഡി.ജി.പിയുടെ മകളുടെ പരാതിയിൽ തനിക്കെതിരെ രജിസ്റ്റർ ചെയ്ത കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് ഗവാസ്കർ ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്. തനിക്കെതിരെ കള്ളക്കേസാണ് എടുത്തിരിക്കുന്നതെന്ന് ഗവാസ്ക്കർ ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു. ഹർജി ഹൈക്കോടതി നാളെ പരിഗണിക്കും.
ബറ്റാലിയൻ എ.ഡി.ജി.പി സുദേഷ് കുമാറിന്റെ മകൾ മർദ്ദിച്ചുവെന്ന് പരാതിപ്പെട്ട ഗവാസ്ക്കർക്കെതിരെ നേരത്തെ കേസ് രജിസ്റ്റർ ചെയ്തിരുന്നു. അസഭ്യം പറയൽ, സ്ത്രീത്വത്തെ അപമാനിക്കൽ എന്നീ കുറ്റങ്ങൾ ചുമത്തി ജാമ്യമില്ലാ വകുപ്പുകൾ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. തിരുവനന്തപുരം മ്യൂസിയം പോലിസാണ് കേസെടുത്തത്. താൻ നൽകിയിരിക്കുന്ന പരാതിയിലെടുത്ത കേസ് ദുർബലപ്പെടുത്താനാണ് തനിക്കെതിരെ അടിസ്ഥാനമില്ലാത്ത പരാതി നൽകിയിരിക്കുന്നതെന്ന് ഗവാസ്കർ പറയുന്നു. അതേസമയം ഗവാസ്കറുടെ മൊഴി രേഖപ്പെടുത്തി. ക്രൈംബ്രാഞ്ച് എസ്.പി പ്രശാന്തൻ കാണിയാണ് മൊഴി രേഖപ്പെടുത്തിയത്. തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ് ഗവാസ്കർ. ആശുപത്രിയിലെത്തിയാണ് എസ്.പി മൊഴി രേഖപ്പെടുത്തിയത്.
കനകക്കുന്നിൽ പ്രഭാതസവാരിക്ക് കൊണ്ടുപോയി തിരിച്ച് വരുന്ന വഴിയിൽ വാഹനത്തിൽ വെച്ച് എ.ഡി.ജി.പിയുടെ മകൾ മൊബൈൽ ഫോൺ ഉപയോഗിച്ച് ഗവാസ്കറിനെ മർദ്ദിക്കുകയായിരുന്നു. മർദ്ദനത്തിൽ ഗവാസ്കറിന്റെ കഴുത്തിലെ കശേരുക്കൾക്ക് ക്ഷതമേറ്റിട്ടുണ്ടെന്ന് മെഡിക്കൽ പരിശോധനയിൽ തെളിഞ്ഞിട്ടുമുണ്ട്. സംഭവം വിവാദമായതോടെ കേസ് പിൻവലിക്കാൻ എ.ഡി.ജി.പി സുദേഷ് കുമാർ ഉൾപ്പെടെയുള്ളവർ സമ്മർദ്ദം ചെലുത്തുന്നതായി ഗവാസ്കർ പറഞ്ഞിരുന്നു.