ഗർഭഛിദ്രം വംശഹത്യക്ക് തുല്യം : മാർപാപ്പ

വത്തിക്കാൻ സിറ്റി : വൈകല്യമുള്ള കുഞ്ഞിനെ ഗർഭച്ഛിദ്രത്തിലൂടെ ഒഴിവാക്കുന്ന പ്രവണത വംശശുദ്ധിയുള്ള ജനതയെ വാർത്തെടുത്ത് ആര്യൻ മേധാവിത്തം ഉറപ്പിക്കാൻ നാസികൾ നടത്തിയ ക്രൂരതയ്ക്ക് സമാനമാണെന്ന് ഫ്രാൻസിസ് മാർപാപ്പ. ശനിയാഴ്ച ഇറ്റാലിയൻ ഫാമിലി അസോസിയേഷൻ യോഗത്തെ അഭിസംബോധന ചെയ്യവേയാണ് ഗർഭച്ഛിദ്രത്തിനെതിരെ മാർപാപ്പ രൂക്ഷമായ വാക്കുകൾ പ്രയോഗിച്ചത്.
ജനിതക വൈകല്യമുള്ള ശിശുക്കളെ ഗർഭഛിദ്രത്തിലൂടെ ഒഴിവാക്കുന്നത് അനായാസ ജീവിതത്തിനായി നടത്തുന്ന കൊലപാതകമാണെന്ന് അദ്ദേഹം പറഞ്ഞു. വൈകല്യത്തോടെ ജനിക്കുന്ന കുട്ടികളെ കൊല്ലുന്ന സംഭവങ്ങളും ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. കുഞ്ഞുങ്ങളെ അവരുടെ എല്ലാ കുറവുകളും ഉൾക്കൊണ്ട് സ്നേഹിക്കുകയാണു വേണ്ടത്. അവരെ അയയ്ക്കുന്നത് ദൈവമാണ്. അവരെ വലിച്ചെറിയുകയല്ല വേണ്ടതെന്ന് അദ്ദേഹം പറഞ്ഞു.
വംശ ശുദ്ധിയ്ക്കായി ഗർഭച്ഛിദ്രത്തിന് പുറമേ മാനസിക, ശാരീരിക രോഗമുള്ളവരെ നിർബന്ധിത വന്ധ്യം കരണത്തിന് വിധേയരാക്കാനും പതിനായിരങ്ങളെ പ്രയോജനമില്ലാത്തവരെന്ന് മുദ്രകുത്തി ദയാവധത്തിലൂടെ ഇല്ലായ്മചെയ്യാനും നാസികൾ മടിച്ചില്ല. ഇന്നത്തെ കാലത്ത് സ്കാനിംഗിലൂടെയും മറ്റും രോഗമുണ്ടെന്നു കണ്ടെത്തുന്ന ഗർഭസ്ഥ ശിശുവിനെ ചിലരെങ്കിലും വകവരുത്തുന്നു. സുഖജീവിതം ലക്ഷ്യമിട്ട് നിരപരാധിയായ വ്യക്തിയെ (ഗർഭസ്ഥശിശു) മാതാപിതാക്കൾ തന്നെ കൊല്ലുന്ന അവസ്ഥ വേദനാജനകമാണ്. നാസികളുടെ ക്രൂരതയ്ക്ക് സമാനമാണിതെന്നും അദ്ദേഹം പറഞ്ഞു.
ഭ്രൂണഹത്യയെക്കുറിച്ചും ഭ്രൂണ ലിംഗ പരിശോധനയെക്കുറിച്ചും പ്രതിഷേധ നിലപാട് വ്യക്തമാക്കിയ മാർപാപ്പ കുടുംബം എന്ന സങ്കൽപ്പത്തെക്കുറിച്ചും സംസാരിച്ചു. കുടുംബം എന്ന വാക്ക് കൊണ്ട് അർത്ഥമാക്കുന്നത് പരസ്പര ധർമ്മം എന്നാണ്. അത് ദൈവത്തിന്റെ പ്രതിരൂപമാണ്. ഒരു സ്ത്രീയും പുരുഷനും ദൈവ വിശ്വാസമില്ലാത്തവരാണെങ്കിൽകൂടി അവർക്കൊരു കുഞ്ഞ് ജനിച്ച് കുടുംബമായി മാറുന്നതോടെ അവരറിയാതെ തന്നെ ദൈവത്തിന്റെ പ്രതിരൂപമായി മാറുകയാണെന്നും മാർപാപ്പ അഭിപ്രായപ്പെട്ടു.