മാസിഡോണിയ ഇനി വടക്കൻ മാസിഡോണിയ

ഏതൻസ് : മാസിഡോണിയയുടെ പേരുമായി ബന്ധപ്പെട്ട് ഗ്രീസുമായി 27 വർഷമായി നിലനിൽക്കുന്ന തർക്കത്തിന് വിരാമമിട്ട് ഇരു രാജ്യങ്ങളും കരാറിൽ ഒപ്പുവെച്ചു. കരാർ പ്രകാരം മാസിഡോണിയ ഇനി മുതൽ വടക്കൻ മാസിഡോണിയയെന്ന പേരിലാകും അറിയപ്പെടുക. 1991-ൽ യുഗോസ്ലാവിയയിൽ നിന്ന് സ്വാതന്ത്ര്യം പ്രഖ്യാപിച്ച് മാസിഡോണിയയെന്ന പേര് സ്വീകരിച്ചതോടെയാണ് ആ രാജ്യവും ഗ്രീസുമായി പ്രശ്നങ്ങൾ ഉടലെടുക്കുന്നത്. മാസിഡോണിയ എന്ന പേര് മാറ്റണമെന്നായി ഗ്രീസ്. ഗ്രീസിന്റെ വടക്കൻ പ്രവിശ്യയുടെയും പേരും മാസിഡോണിയയെന്നാണ്. ഈ പ്രദേശത്തിന് മേൽ മാസിഡോണിയ അവകാശമുന്നയിച്ചേക്കുമോയെന്ന ഭീതിയിലായിരുന്നു ഗ്രീസ്.
തർക്കം വർഷങ്ങൾ നീണ്ട പ്രക്ഷോഭങ്ങളിലേക്കും ചർച്ചകളിലേക്കും വഴി വെച്ചു. ഈ വിവാദങ്ങൾക്കാണ് ഇരുരാജ്യങ്ങളിലേയും വിദേശകാര്യമന്ത്രിമാർ ഞായറാഴ്ച ഒപ്പുവെച്ച കരാറിലൂടെ അവസാനമാകുന്നത്. ഈ തീരുമാനം നിറവേറ്റുകയെന്നത് ഗ്രീസിന്റെയും മാസിഡോണിയയുടെയും ചരിത്രപരമായ ദൗത്യമാണ്. ഇക്കാര്യത്തിൽ വീഴ്ച വരാതിരിക്കാൻ ശ്രദ്ധിക്കുമെന്ന് ഗ്രീക്ക് പ്രധാനമന്ത്രി അലെക്സിസ് സിപ്രാസ് പറഞ്ഞു.
പേര് ഔദ്യോഗികമായി നിലവിൽ വരണമെങ്കിൽ ഇരു രാജ്യങ്ങളിലെയും പാർലമെന്റ് സമ്മതപത്രം അംഗീകരിക്കേണ്ടതുണ്ട്. മാസിഡോണിയയിലെ ജനങ്ങളുടെ ഹിതപരിശോധനയുടെയും അടിസ്ഥാനത്തിലാകും അന്തിമ തീരുമാനം. ഗ്രീസിലെ 70 ശതമാനത്തോളം വരുന്നവർ പേരുമാറ്റുന്ന തീരുമാനത്തോട് വിയോജിക്കുന്നതായാണ് ചില അഭിപ്രായ സർവേകൾ സൂചിപ്പിക്കുന്നത്.