ട്രംപ് ടവറിൽ തീപിടിത്തം : ഒരു മരണം, ആറ് പേർക്ക് പൊള്ളലേറ്റു
ന്യൂയോർക്ക് : യു.എസ് പ്രസിഡണ്ട് ഡോണൾഡ് ട്രംപിന്റെ ഉടമസ്ഥതയിലുള്ള ട്രംപ് ടവറിൽ ശനിയാഴ്ച രാത്രിയുണ്ടായ തീപിടുത്തത്തിൽ ഒരാൾ മരിച്ചു. ആറു പേർക്കു പരിക്കേറ്റു. ടവറിന്റെ 50ാം നിലയിലാണ് ശനിയാഴ്ച വൈകീട്ട് ആറു മണിയോടെ തീ പടർന്നത്. രണ്ടു മണിക്കൂറിനുള്ളിൽ അഗ്നിബാധ നിയന്ത്രണവിധേയമാക്കി.
തീ അണയ്ക്കാനുള്ള ശ്രമത്തിനിടെ അഗ്നിശമന സേനയിലെ അംഗങ്ങൾക്കാണ് പൊള്ളലേറ്റത്. തീപിടിത്തുത്തിന്റെ കാരണം വ്യക്തമായിട്ടില്ല. ട്രംപ് ടവറിന്റെ 50ാം നിലയിൽ താമസിക്കുന്ന അറുപത്തേഴുകാരനായ വ്യക്തിയാണ് മരിച്ചതെന്നാണ് പ്രാഥമിക വിവരം. ഗുരുതരമായി പൊള്ളലേറ്റ ഇയാളെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണത്തിന് കീഴടങ്ങുകയായിരുന്നുവെന്ന് ന്യൂയോർക്ക് സിറ്റി ഫയർ ഡിപ്പാർട്മെന്റ് വക്താവ് അറിയിച്ചു.
ട്രംപ് ടവറിലെ തീപിടുത്തം നിയന്ത്രണവിധേയമായതായി പ്രസിഡണ്ട് ഡോണൾഡ് ട്രംപും ട്വീറ്റ് ചെയ്തു. മികച്ച രീതിയിൽ നിർമ്മിച്ച കെട്ടിടമാണിതെന്ന് ചൂണ്ടിക്കാട്ടിയ ട്രംപ്, അഗ്നിബാധ നിയന്ത്രണവിധേയമാക്കിയ അഗ്നിശമന സേനയെ അഭിനന്ദിച്ചു.

