ഉഭയകക്ഷി ബന്ധം നിലനിർത്താൻ ഇന്ത്യയും ഭൂട്ടാനും തമ്മിൽ ധാരണ

ന്യൂഡൽഹി : ഉഭയകക്ഷി സംബന്ധമായ വിഷയങ്ങളിലെ പരസ്പര സഹകരണം നിലനിർത്തി മുന്നോട്ട് പോകുന്നതിന് ഇന്ത്യയും ഭൂട്ടാനും തമ്മിൽ ധാരണയായി. ഭൂട്ടാൻ രാജാവ് ജിഗ്്മേ ഖേസർ നാംഗയേൽ വാങ്ചക്കിന്റെ ഇന്ത്യ സന്ദർശനത്തിലാണ് ഇതു സംബന്ധിച്ച് ധാരണയായത്. നാല് ദിവസത്തെ സന്ദർശനത്തിനായി ചൊവ്വാഴ്ചയാണ് ഭൂട്ടാൻ രാജാവും കുടുംബവും ഇന്ത്യയിലെത്തിയത്. ഭൂട്ടാൻ രാജകുമാരന് ഫിഫ അണ്ടർ 17 വേൾഡ് കപ്പ് ഫൂട്ബോളും ചെസ് ബോർഡുമാണ് പ്രധാനമന്ത്രി നരേന്ദ്ര മോഡി സമ്മാനമായി നൽകിയത്. നരേന്ദ്രമോഡി തന്നെയാണ് ട്വിറ്ററിലൂടെ ഭൂട്ടാൻ രാജകുമാരന് ഫുട്ബോൾ സമ്മാനിച്ച വിവരം വെളിപ്പെടുത്തിയത്.
ഇരു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധം ഊട്ടി ഉറപ്പിക്കുന്നതിന്റെ ഭാഗമായി 2018 ഇന്ത്യ− ഭൂട്ടാൻ സുവർണ ജൂബിലി വർഷമായി ആഘോഷിക്കാൻ നരേന്ദ്ര മോഡിയും ജിഗ്്മേ ഖേസറും തമ്മിലുള്ള കൂടിക്കാഴ്ചയിൽ ധാരണയിലത്തിയിട്ടുണ്ടെന്ന് ഭൂട്ടാൻ എംബസി സ്ഥിരീകരിച്ചു. ഇരു നേതാക്കളും തമ്മിലുള്ള കൂടിക്കാഴ്ച വളരെ ഊഷ്മളമായിരുന്നെന്ന് വിദേശകാര്യ മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയിൽ അറിയിച്ചു. വിദേശകാര്യ മന്ത്രി സുഷമാ സ്വരാജുമായും ഭൂട്ടാൻ രാജാവ് ചർച്ച നടത്തി.
രാഷ്ട്രപതി രാം നാഥ് കോവിന്ദിന്റെ പ്രത്യേക ക്ഷണപ്രകാരമാണ് ഭൂട്ടാൻ രാജാവും കുടുംബവും ഇന്ത്യയിലെത്തിയത്. കഴിഞ്ഞ തവണ ഭൂട്ടാൻ സന്ദർശിച്ചപ്പോൾ ജിഗ്്മേ ഖേസറെയും കുടുബത്തെയും ഇന്ത്യയിലേക്ക് രാം നാഥ് കോവിന്ദ് ക്ഷണിച്ചിരുന്നു. ഇന്ത്യ− ചൈന ഡോംഗ്്ലാം സംഘർഷത്തിൽ ഇന്ത്യയ്ക്കൊപ്പം നിന്ന ഭൂട്ടാന്റെ നിലപാടിനെ രാഷ്ട്രപതി രാം നാഥ് കോവിന്ദ് അഭിനന്ദിച്ചു.