ഗെയിൽ പദ്ധതിക്കെതിരായ സമരം സംഘർഷഭരിതം

മുക്കം : കൊച്ചി-മംഗലാപുരം ഗെയിൽ വാതക പൈപ് ലൈൻ പദ്ധതിക്കെതിരെ കോഴിക്കോട് മുക്കത്ത് നടന്നുവരുന്ന സമരത്തിനിടെ വ്യാപക സംഘർഷം. സംസ്ഥാനപാതയിൽ തടികളും ടയറുകളും ഉപയോഗിച്ച് തീയിട്ട് പ്രതിഷേധക്കാർ ഗതാഗതം തടസപ്പെടുത്തി. തടസ്സങ്ങൾ നീക്കി ഗതാഗതം പുനഃസ്ഥാപിക്കാൻ പോലീസ് ശ്രമിച്ചെങ്കിലും കല്ലേറുണ്ടാകുകയും തുടർന്ന് പോലീസ് ലാത്തിവീശുകയും ചെയ്തു.
സംഘർഷഭരിതമായ പരിസരത്തെ വീടുകളിൽ കയറി പരിശോധന നടത്തിയ പോലീസ് നിരവധിപേരെ കസ്റ്റഡിയിലെടുത്തു. സംഘർഷങ്ങളുടെ പേരിൽ പോലീസ് വീടിനുള്ളിൽ അതിക്രമിച്ചു കടന്ന് നിരപരാധികളെ കസ്റ്റഡിയിലെടുക്കുന്നതായി സമരക്കാർ ആക്ഷേപിച്ചു. പോലീസ് മർദ്ദനത്തിൽ നിരവധിപേർക്കു പരുക്കേറ്റിട്ടുണ്ട്. ഗെയിൽ പൈപ് ലൈൻ പദ്ധതിക്കെതിരെ ബുധനാഴ്ചയുണ്ടായ സംഘർഷത്തിന്റെ ബാക്കിപത്രമായിട്ടാണ് വീണ്ടും പ്രശ്നമുണ്ടായത്.
ഗെയിൽ പദ്ധതിക്കെതിരായ സമരം ആസൂത്രിതമാണെന്ന് പോലീസ് പറഞ്ഞു. ഇതിന് പിന്നിൽ തീവ്ര സ്വഭാവമുള്ള സംഘടനകളാണെന്ന നിലപാടിലാണ് പോലീസ്. ആളുകളെ ഭയവിഹ്വലരാക്കി തെറ്റിദ്ധാരണ ഉണ്ടാക്കുകയാണ് സമരക്കാരുടെ ലക്ഷ്യമെന്നും പോലീസ് പറഞ്ഞു. ഇന്നലെ സമരക്കാർക്കുനേരെയുണ്ടായ പോലീസ് അതിക്രമങ്ങളിൽ പ്രതിഷേധിച്ച് യുഡിഎഫ് തിരുവന്പാടി നിയോജകമണ്ധലത്ത് ഹർത്താലിന് ആഹ്വാനം ചെയ്തിരുന്നു. മലപ്പുറം ജില്ലയിലെ കീഴുപറന്പ് പഞ്ചായത്തിലും ഹർത്താൽ നടത്തുന്നുണ്ട്.
പലരും തെറ്റിദ്ധരിപ്പിച്ചതിനെ തുടർന്നാണ് മുക്കത്ത് ഗെയിൽ വിരുദ്ധ സമരം നടക്കുന്നതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു. പദ്ധതിയെക്കുറിച്ച് യുഡിഎഫിന്റെ കാലത്തുണ്ടായിരുന്ന ആശങ്ക ഇപ്പോഴില്ല. ഭൂവുടമകളുമായി ചർച്ച നടത്തി പ്രശ്നം പരിഹരിക്കുകയാണ് വേണ്ടത്, കോടിയേരി പറഞ്ഞു. സമരം ശക്തമാകുന്പോഴും പൈപ്പ് ലൈൻ പദ്ധതി നടപ്പാക്കുമെന്ന് ഗെയിൽ അധികൃതർ പറഞ്ഞു. ഗെയിൽ പൈപ്പ് ലൈൻ ജോലികൾ പുനഃരാരംഭിച്ചിട്ടുണ്ട്.