ഉത്തര കൊ­റി­യയുടെ ഹൈ­ഡ്രജൻ ബോംബ് പരീ­ക്ഷണം : തു­രങ്കം തകർ­ന്ന് 200 മരണം


ടോക്കിയോ : ഉത്തരകൊറിയ സെപ്റ്റംബർ മാസം ആദ്യം ഹൈഡ്രജൻ ബോംബ് പരീക്ഷിച്ചതിന്‍റെ അനന്തരഫലമായി തുരങ്കം ഇടിഞ്ഞ് 200ലധികം പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. ദുരന്തം ജപ്പാനിലെ അസാഹി ടെലിവിഷൻ ചാനലാണ് റിപ്പോർട്ട് ചെയ്തത്. പേരുവെളിപ്പെടുത്താത്ത ഉത്തരകൊറിയൻ ഉദ്യോഗസ്ഥരെ ഉദ്ധരിച്ചാണ് ഇന്നലെ വാർത്ത പുറത്തുവിട്ടിരിക്കുന്നത്.

സെപ്റ്റംബർ മൂന്നിന് പുൻഗ്യേ− റി പരീക്ഷണ വേദിയിലാണ് ഉത്തരകൊറിയ ഹൈഡ്രജൻ ബോംബ് പരീക്ഷിച്ചത്. മണ്ടാപ് മലയുടെ ഒരുവശത്താണ് പുൻഗ്യേ−റി പരീക്ഷണകേന്ദ്രം. 

അതിശക്തമായ പൊട്ടിത്തെറിയെത്തുടർന്നുള്ള ഭൂചലനം റിക്‌ടർ സ്കെയിലിൽ 6.3 തീവ്രത രേഖപ്പെടുത്തിയിരുന്നു. പരീക്ഷണ മേഖലയിലെ ഭൂമി മുകളിലേക്ക് ഉയർന്നുവെന്നാണ് റിപ്പോർട്ട്. 

പുൻഗ്യേ− റിയിൽ ഒരു തുരങ്കം ഇടിഞ്ഞു താഴ്ന്നു നൂറു തൊഴിലാളികളാണ് ആദ്യം ദുരന്തത്തിന് ഇരയായത്. രക്ഷാപ്രവർത്തനത്തിനിടെ വീണ്ടും തുരങ്കം ഇടിഞ്ഞു നൂറുപേർ കൂടി കൊല്ലപ്പെട്ടു. തുരങ്ക നിർമാണത്തിലേർപ്പെട്ടിരുന്നവരാണു തൊഴിലാളികളാണ് മരിച്ചത്.

ഉത്തരകൊറിയയുടെ ആറാമത്തെ അണുപരീക്ഷണമായിരുന്നു ഇത്. 120 കിലോ ടൺ സ്‌ഫോടക ശേഷിയുള്ള ഹൈഡ്രജൻ ബോംബാണു പരീക്ഷിച്ചത്. ഹിരോഷിമയിൽ അമേരിക്ക പ്രയോഗിച്ച അണുബോംബിന്‍റെ എട്ടിരട്ടി ശക്തി ഇതിനുണ്ട്. പരീക്ഷണത്തെ തുടർന്നുള്ള ഭൂചലനം ചൈനയിൽ വരെ അനുഭവപ്പെട്ടു. പരീക്ഷണ വേദിയിൽനിന്ന് ദൂരെയുള്ള സ്ഥലങ്ങളിൽ മണ്ണിടിച്ചിലുണ്ടായി. 

ബോംബ് സ്‌ഫോടന ഫലമായി അവിടെ 100 മീറ്റർ നീളവും 60 മീറ്റർ വീതിയും നല്ല ആഴവുമുള്ള ഗർത്തമുണ്ടായി. ഉത്തരകൊറിയയുടെ മറ്റ് അഞ്ച് ആണവ പരീക്ഷണങ്ങളും ഈ കേന്ദ്രത്തിലാണു നടന്നത്. ഹൈഡ്രജൻ ബോംബ്‌ പരീക്ഷണത്തിനു ശേഷമുണ്ടായ തുടർച്ചയായ ഭൂചലനങ്ങളും മണ്ണിടിച്ചിലുകളും മേഖലയുടെ ഭൂപ്രകൃതിയെ അസ്ഥിരപ്പെടുത്തിയതായും വിദഗ്‌ധർ പറയുന്നു.

അമേരിക്കൻ പ്രസിഡണ്ട് ഡോണൾഡ് ട്രംപ് അടുത്തയാഴ്ച തന്‍റെ പ്രഥമ ദക്ഷിണകൊറിയ സന്ദർശനത്തിനു തയാറെടുക്കവേയാണു ദുരന്തവാർത്ത പുറത്തുവന്നിരിക്കുന്നത്. ആണവ, മിസൈൽ പരീക്ഷണങ്ങളുടെ പേരിൽ ഉത്തര കൊറിയയും അമേരിക്കയും വലിയ വാക്‌യുദ്ധത്തിലാണ്. 

You might also like

  • Lulu Exchange
  • Straight Forward

Most Viewed